രചന : മുഹമ്മദ് സവാദ്. ✍️
വറുത്ത കടലയുടെ മണം എപ്പോഴും എന്റെ വിശപ്പിനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. പൊള്ളുന്ന ഉച്ചവെയിലിൽ, ആളൊഴിഞ്ഞ പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരിക്കുമ്പോൾ എന്റെ കണ്ണുകൾ ഇടയ്ക്കിടെ പാളങ്ങളിലേക്ക് നീളുന്നുണ്ടായിരുന്നു. പതിനാലു വയസ്സിന്റെ മാത്രം വളർച്ചയുള്ള മെലിഞ്ഞൊട്ടിയൊരു ശരീരം. മടിയിൽ പത്രക്കടലാസിൽ പൊതിഞ്ഞ കുറച്ചു കടലപ്പൊതികൾ.
പുലർച്ചെ എഴുന്നേറ്റ് പുകയുന്ന അടുപ്പിനുമുന്നിലിരുന്ന് അമ്മ വറുത്തെടുത്തതാണ് ഇതെല്ലാം. അച്ഛനില്ലാത്ത വീട്ടിലെ പട്ടിണിയകറ്റാൻ എന്നെയും കാത്തിരിക്കുന്ന കുഞ്ഞനിയത്തിമാരുടെ വിശപ്പകറ്റാൻ ഈ പൊതികൾ വിറ്റുതീർന്നേ മതിയാകൂ.
വലത്തേ പോക്കറ്റിലേക്ക് ഞാൻ പതുക്കെ ഒന്നുകൂടി കൈയിട്ടു നോക്കി. അവിടെ കടലാസിൽ പൊതിഞ്ഞ രണ്ട് തേൻമിഠായികളുണ്ട്. രാവിലെ തന്നെ വാങ്ങി വെച്ചതാണ് വൈകുന്നേരം തിരികെ പോകുമ്പോൾ മറന്നുപോയാലോ എന്ന് കരുതി.
മിഠായി വാങ്ങിയപ്പോൾ ബാക്കി വന്ന ചില്ലറത്തുട്ടുകൾ കിലുങ്ങിയപ്പോൾ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. മനസ്സിൽ നിറയെ സ്വപ്നങ്ങളുണ്ടായിരുന്നു. കടല മുഴുവൻ വിറ്റുതീർത്ത് ഇന്ന് നേരത്തെ വീട്ടിൽ പോകണം. അമ്മയെയും അനിയത്തിമാരെയും കൂട്ടി അങ്ങാടിയിൽ പോയി അവർക്ക് ഏറെ ഇഷ്ടമുള്ള ചുവന്ന കുപ്പിവളകൾ വാങ്ങിക്കൊടുക്കണം. ചിന്തകൾ എന്നിലെ ക്ഷീണം പതുക്കെ ഇല്ലാതാക്കി.
പെട്ടെന്നാണ് ദൂരെയെവിടെയോ നിന്നും തീവണ്ടിയുടെ ചൂളംവിളി ഉയർന്നത്. ഞാൻ ചാടിയെഴുന്നേറ്റു. പ്ലാസ്റ്റിക് കവർ തോളിലിട്ട് ഒരു കയ്യിൽ മൂന്ന് കടലപ്പൊതികളും പിടിച്ച് വണ്ടി വരുന്നതും കാത്ത് പ്ലാറ്റ്ഫോമിന്റെ അരികിലേക്ക് നിന്നു. വണ്ടി വന്നു നിന്നതും “കടല… വറുത്ത കടല…” എന്ന് നീട്ടിവിളിച്ചുകൊണ്ട് ബോഗിക്കുള്ളിലേക്ക് കയറി. പക്ഷെ, അന്ന് ആളുകൾ കുറവായിരുന്നു. ചിലർ മാത്രം ഓരോ പൊതി വാങ്ങി. പ്രതീക്ഷിച്ചതുപോലെ കച്ചവടം നടന്നില്ല എന്ന സങ്കടത്തോടെ വണ്ടിയിൽ നിന്നിറങ്ങാൻ തുടങ്ങുമ്പോഴാണ് പെട്ടെന്നൊരു വിളി കേട്ടത്.
“എടാ ചെറുക്കാ, കടല മുഴുവൻ ഇങ്ങെടുത്തേ…”
ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളായിരുന്നു. എന്റെ കണ്ണുകൾ തിളങ്ങി. കയ്യിലുണ്ടായിരുന്ന ബാക്കി പൊതികൾ മുഴുവൻ വലിയ സന്തോഷത്തോടെ അവർക്ക് നേരെ നീട്ടി. ഇന്ന് നേരത്തെ വീട്ടിൽ പോകാം കുപ്പിവളകൾ കിലുക്കി ചിരിക്കുന്ന അനിയത്തിമാരുടെ മുഖം മനസ്സിലൂടെ മിന്നിമറഞ്ഞു.
അപ്പോഴേക്കും തീവണ്ടി പതുക്കെ അനങ്ങിത്തുടങ്ങിയിരുന്നു.
“ചേട്ടാ, പൈസ…” ഞാൻ വിനയത്തോടെ ചോദിച്ചു.
അവർ പരസ്പരം നോക്കി ചിരിച്ചുകൊണ്ട് പോക്കറ്റിൽ തപ്പുന്നതായി അഭിനയിച്ചു. തീവണ്ടിയുടെ വേഗത കൂടിത്തുടങ്ങി. ഞാനും ബോഗിക്കൊപ്പം പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങി.
“ചേട്ടാ… കാശ് തരൂ…” എന്റെ ശബ്ദത്തിൽ നേരിയ ഭയം കലർന്നിരുന്നു. അവർ അപ്പോഴും പോക്കറ്റിൽ തിരയുന്നതായി ഭാവിച്ച് എന്നെ നോക്കി കളിയാക്കി ചിരിക്കുകയായിരുന്നു. തീവണ്ടി വേഗത കൈവരിച്ചു. ഞാനും ജനാലയ്ക്കൊപ്പം ഓടാൻ തുടങ്ങി.
“ചേട്ടാ… കാശ് തരാതെ പോകല്ലേ… ഞങ്ങൾ പട്ടിണിയാകും… ഞങ്ങളുടെ ജീവിതമാണ് ചേട്ടാ… പൈസ താ ചേട്ടാ…” കിതപ്പുകൾക്കിടയിലൂടെ തൊണ്ടപൊട്ടി ഞാൻ കരഞ്ഞുപറഞ്ഞു. കണ്ണുകൾ നിറഞ്ഞൊഴുകി കാഴ്ചകൾ മങ്ങുന്നുണ്ടായിരുന്നു. കാറ്റിൽ പറക്കുന്ന കരിയില പോലെ ഇരുമ്പുവണ്ടിക്കൊപ്പം ഞാൻ പാഞ്ഞു. പക്ഷെ ആരും ഒരു നാണയം പോലും നീട്ടിയില്ല. കാശ് കൊടുക്കാൻ അവർക്ക് ഉദ്ദേശമേ ഇല്ലായിരുന്നു.
ആ സമയം ഓട്ടത്തിനിടയിൽ പ്ലാറ്റ്ഫോം തീരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടില്ല. കാൽവഴുതി, അടിതെറ്റി ട്രാക്കിന് താഴെയുള്ള കല്ലുകളിലേക്ക് ഞാൻ തെറിച്ചുവീണു. കൂർത്ത കരിങ്കല്ലിലിടിച്ച് തല പൊട്ടി. നെറ്റിയിലൂടെയും കവിളിലൂടെയും ചൂടുള്ള ചോര ഒഴുകിയിറങ്ങി.
എന്നിട്ടും വീണ കിടപ്പിൽ തലയുയർത്തി ദൂരേക്ക് പോകുന്ന തീവണ്ടിയിലേക്ക് ഞാൻ നോക്കി. തലപൊട്ടിയ വേദനയെക്കാൾ എന്നെ തളർത്തിയത് മറ്റൊന്നായിരുന്നു. കുതിച്ചു പായുന്ന തീവണ്ടിയുടെ ജനാലയ്ക്കലൂടെ ആ ചെറുപ്പക്കാർ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. കവിളിലൂടെ കണ്ണീരും ചോരയും ഒന്നിച്ചൊഴുകി മണ്ണിൽ കലർന്നു. അപ്പോഴും വണ്ടിയിൽ നിന്നും അവരുടെ അട്ടഹാസച്ചിരികൾ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.
തലയിൽ നിന്നും ഒഴുകുന്ന ചോര വകവെക്കാതെ ഞാൻ പതുക്കെ എഴുന്നേറ്റു. വിറയ്ക്കുന്ന കൈകളോടെ വലത്തേ പോക്കറ്റിലേക്ക് കൈയിട്ടു. ഇല്ല, മിഠായി തെറിച്ചുപോയിട്ടില്ല. പക്ഷെ, പൊതി തുറന്നു നോക്കിയപ്പോൾ കലങ്ങിയ കണ്ണുകളിലൂടെ ഞാൻ കണ്ടു അനിയത്തിമാർക്കായി വാങ്ങിയ ചുവന്ന തേൻമിഠായികളിൽ നിറയെ മണ്ണും പൊടിയും പറ്റിയിരിക്കുന്നു.
സങ്കടം കടിച്ചമർത്തിക്കൊണ്ട് കുപ്പായത്തിന്റെ അറ്റം കൊണ്ട് മിഠായികളിലെ മണ്ണ് പതുക്കെ തുടച്ചുമാറ്റി റെയിൽവേ പാളത്തിലൂടെ ഞാൻ നടന്നു തുടങ്ങി. അപ്പോഴും എന്റെ പൊട്ടിയ നെറ്റിയിൽ നിന്നും ഒരിറ്റ് ചോര തേൻമിഠായികളിലേക്ക് ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു…

