മാനത്തു കഴുകന്മാർ
കണ്ണുനട്ടീടും പോലെ
കാലത്തെവെല്ലുന്നവർ,
ഭൂമിതൻരാജാക്കന്മാർ
പാവങ്ങൾ ജനങ്ങളെ
ഇരയാക്കീടുന്നവർ
ശവങ്ങളെന്നപോലെ
തിന്നുരസിച്ചീടുന്നു.
ജയമാണഖിലർക്കും
വേണ്ടതുലകിലാകെ
ജയിക്കാൻ മാർഗമൊന്നേ,
ശിക്ഷിക്കസോദരനെ.
ഈച്ചയെപോലെയവർ
കൂട്ടമായ് ചേർന്നീടുന്നു
പച്ചമാംസത്തിലവർ
കൊത്തിവലിച്ചീടുന്നു.
പലലം ഭുജിക്കില്ല
വലീമുഖങ്ങൾ പോലും
സകലമനുഷ്യരോ
ഘടകവിരുദ്ധരാം.
മൃഗങ്ങളെന്നപോലെ
അശിക്കുന്നകങ്ങളിൽ
മുഖങ്ങളില്ലാത്തവർ
പതിതർ അശുക്കളെ.
ശാശ്വത സംഹാരത്താൽ
ശവംതീനികൾ മർത്യർ
അശിക്കുന്നെന്തിനേയും
വിശ്വത്തിലങ്ങോളവും.
വല്ലാതെ ദാഹിക്കുന്നു
വിശ്വത്തിൻ നാശത്തിന്
ഇല്ലായ്മ ചെയ്തിടുവാൻ
മാർഗ്ഗങ്ങളാരായുന്നു .
ആർത്തിപൂണ്ടുള്ള മർത്യൻ
കത്തിച്ചമർത്തീടുന്നു
രക്തദാഹിയായവൻ
ചങ്കുപറിച്ചീടുന്നു.
സോദരൻ, സ്നേഹിതനോ
ആരാകിലുമെന്തേ
സ്വാദോടെ ഭക്ഷിക്കുന്നു
പച്ചമാംസമവൻ.

തോമസ് കാവാലം

By ivayana

Leave a Reply

Your email address will not be published. Required fields are marked *