അർജുനൻ അനുജനെന്നറിഞ്ഞ കർണ്ണന് അവനോട് തോന്നിയ വികാരമെന്തായിരിക്കാം? വാത്സല്യം?
ശാപങ്ങൾ അശനിപാതമാകുമ്പോൾ ആ മനസ്സ് വേദനിച്ചിട്ടുണ്ടാവുമോ? അതോ വിധിഏറ്റുവാങ്ങാൻ സന്നദ്ധമായോ?

പശ്ചിമാകാശത്തിൽ രക്താരുണാഭമായ്
നിശ്ചലം നിന്നിടും മാർത്താണ്ഡദേവന്റെ
ചെമ്പട്ടുചേലയിലൂർന്നിടും ചോരയിൽ
ചിന്നിത്തെറിച്ചു സന്ധ്യാംബരവീചികൾ!!

നാളത്തെ സംഗ്രാമഭൂമിയിൽ നേർക്കുനി-
ന്നായോധനത്തിന്നു കോപ്പിട്ടുപോരുന്നൊ –
രാരോമലേ!! നീ അവരജനെന്ന വാ-
ക്കായിരം മുള്ളുകളെയ്യുന്നു ഹൃത്തടേ!!

ഓമനപ്പുത്രൻ വൃഷസേനനൊക്കുമാ-
റോമനത്തംപൂണ്ട പാർത്ഥന്റെ വിഗ്രഹം
ചിന്തയിലഗ്നി ചിന്തീടുന്ന കർണ്ണനെ-
സ്സന്തതം വേട്ടയാടീ,കാളരാത്രിപോൽ!!

എങ്ങനെ നിൻമെയ്യിലായുധം ചാട്ടുന്നി –
തെങ്ങനെ നിൻഗളമെയ്തു വീഴ്ത്തുന്നു ഞാൻ
വിശ്വാസവഞ്ചന ചെയ്യാനുമാകാതെ-
യശ്വമേറുന്നു ഞാനമ്മേ, പൊറുക്കുക!

*സാരഥിയായിടും മാദ്രേശരാജന്റെ
ക്രൂരത തിങ്ങും പരിഹാസവാക്കുകൾ
കാരിരുമ്പാണിയായ് കുത്തുന്ന നേരത്തു
നേരോടെയങ്കം തുടർന്നു കർണ്ണൻ മുദാ!

*ദിവ്യാസ്ത്രസമ്പാദനത്തിന്നു പോകവേ
ധർഷിതം ഭൂപശാപം വന്നുവീണതും
തേരുചക്രം താണുപോയതിൻ കാരണം
ഹോമപ്പശുവിൻകിടാവിന്റെ ഹത്യയോ?

*അർജുനനിഗ്രഹം സാദ്ധ്യമാക്കുന്നതി-
ന്നർത്ഥിച്ചു വാങ്ങിയ ശക്തി,വൃകോദര-
പുത്രന്റെ ജീവനെടുത്തതും കർമ്മത്തിൻ –
പ്രത്യുത്തരമെന്നു തോന്നുന്നിതെത്രയും!!

സർപ്പമുഖബാണദംശനത്താ,ലതി –
ദർപ്പിതനാകു’മരി’യെ മോഹിപ്പിച്ചു
വേർപ്പണിക്കൈകളാൽ തേർച്ചക്രമുദ്ധൂത –
മാക്കുന്ന വേളയിൽ, ദൃശ്യം, വിധിമതം!

“ആഞ്ജലീകം” ബാണമുദ്ധൃതമാക്കി, ത –
ന്നക്ഷികൾ പൂർണ്ണനിമീലിതമാക്കിയും,
ആദിത്യശോഭ പടരുന്ന പാർത്ഥന്റെ-
യാ ദിവ്യരൂപമമൃതായ് പൊഴിയവേ,

ദേഹത്തിൽനിന്നു വേർപെട്ടുപോകും മമ
ദേഹിക്കു ശീതളസ്പർശനമായോമനേ!
പ്രാണഹത്യയ്ക്കായയച്ച നിൻബാണമെൻ
പ്രാണനിൽ വാൽസല്യവർഷം ചുരത്തിയോ?

ഗിരിജ വാര്യർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *