രചന : രാ ഗേ ഷ് ✍
കവി സംഗമവേദി.
മുഖപുസ്തകത്തിലെ ‘K’ കളെ
അടിസ്ഥാനപ്പെടുത്തിയുള്ള
ഇരിപ്പിട ക്രമീകരണങ്ങൾ.
തലയിൽ പുസ്തകങ്ങൾ ചൂടിയ കവികൾ,
വർണ്ണശബളമായ പുറം ചട്ടകൾ
അവരെ പൂമ്പാറ്റകൾ എന്ന് തോന്നിപ്പിക്കുന്നു.
കൂട്ടത്തിൽ പുസ്തകചട്ടകളുടെ നിറമണിയാത്ത
ഒരുവനെ അശ്ലീലമായ നഗ്നത പേറുന്നവൻ
എന്ന പോലെ നോക്കുന്നു,
ആർത്തു ചിരിക്കുന്നു.
അവനോ,?
കുപ്പായക്കീശയിൽ ഒളിപ്പിച്ചയൊരേയൊരു
കവിതയും നെഞ്ചോടമർത്തി
അടുത്ത കവിസംഗമത്തിന് മുന്നോടിയായി
ഒരു വണ്ടി നിറയെ പുസ്തകം ഇറക്കുമെന്നുള്ള
പ്രതിജ്ഞയുമേന്തി തെരുവിലേക്കോടി
അപ്രത്യക്ഷനാകുന്നു.
അനന്തരം.!
അടുത്ത കവിസംഗമത്തിൽ അവൻ
പുസ്തകങ്ങളില്ലാത്ത,
കവികളിലെ ചാവേറായി മടങ്ങി വരുന്നു !
ഹൃദയത്തോട് ചേർത്ത് കെട്ടിവച്ച
വാക്കുകളെ മുറുകെപ്പിടിച്ചവൻ
നീലവാനിനെ നോക്കി
‘ഇതെന്റെ കവിത’ യെന്നുറക്കെച്ചൊല്ലി
സ്വയം ചിന്നി ചിതറുമ്പോൾ
പൂക്കളും പൂമ്പാറ്റകളും ചുറ്റിലും നിറയുന്നു.

