രചന : സത്താർ പുത്തലത്ത് ✍
എന്റെ പ്രണയനിലാവേ…
, ഓരോ നിമിഷവും നിന്നിൽ വീണലിയാനാണ് എനിക്ക് മോഹം. പ്രതീക്ഷയുടെ പൂന്തോപ്പിൽ ഒരായിരം മധുര കിനാക്കൾ വിതറിയും അനുഭൂതിയുടെ ആഴത്തിൽ ഒരു നിറഞ്ഞ മനസ്സോടെ എന്റേത് മാത്രമായ നിന്നോട് എന്റെ ഹൃദയമാണ് ഞാൻ ഇവിടെ പകർത്തുന്നത്…
ഓർമയുടെ കനക ചില്ലയിൽ ഓർക്കാനിഷ്ടപെടുന്ന ഒരുപാട് ഓർമകളുമായി കാലത്തിന്റെ പാതയിലൂടെ നമ്മൾ അടിവെച്ചകലുമ്പോൾ എന്നും മനസ്സിന്റെ മതിലകത്ത് സൂക്ഷിക്കാൻ എന്റെ പ്രിയപ്പെട്ടവളോടായി ഒരു കൊച്ചു കാര്യം…”ഇഷ്ടമാണ് എനിക്ക് നിന്നെ ഒരുപാട്,ഒരുപാട്,ഒരുപാട്…”
പ്രശാന്ത സുന്ദരമായ ഈ ഭൂമിദേവിയുടെ മടിത്തട്ടിൽ ഒരു ജന്മം കൂടിയുണ്ടെങ്കിൽ നിന്റെയരികിൽ ഒരു സ്ഥാനം,അത്ര മാത്രം ഞാൻ ആഗ്രഹിക്കുന്നു അതിനായി ഞാൻ
പേരറിയാത്ത എല്ലാ ദൈവങ്ങളോടും
പ്രാർത്ഥിക്കുന്നു.. .
അന്നും ഇന്നും എനിക്ക് യാത്രകൾ വല്ലാത്തൊരു അനുഭൂതിയാണ്.
ഓരോ യാത്രകൾക്കും ഓരോ ലഹരിയാണ്.
നിന്നെ കാണാൻ നടത്തിയ യാത്രകളെന്നും പ്രണയത്തിന്റെ ലഹരിയിലായിരുന്നു.
നിന്നെ കണ്ട നിമിഷത്തേക്കാളും പ്രണയം തോന്നിയത് കാണാനായി യാത്ര ചെയ്ത നിമിഷങ്ങളോടും പിന്നെ നീയെത്താനായി കാത്തിരുന്ന നിമിഷങ്ങളോടുമായിരിക്കും.
ഇന്നും ആ വഴികളിലൂടെ യാത്ര ചെയ്താൽ ആ ലഹരി കിട്ടും
അന്നൊരിക്കൽ ഞാൻ നിന്നോട് പറഞ്ഞ ഒരുപാട് ആഗ്രഹങ്ങളിൽ ചില ആഗ്രഹങ്ങൾ ഇന്ന് വീണ്ടും ഓർമയിൽ വന്നു. ഇപ്പോൾ നീ ചിന്തിക്കുന്നത് അതേതൊക്കെ ആഗ്രഹങ്ങൾ ആണെന്നായിരിക്കും അല്ലേ
നീ മറന്നു കാണില്ല അത്. മഴയുള്ള ഒരു രാത്രിയിൽ കുടയില്ലാതെ, നിന്റെ തോളിൽ കയ്യിട്ട് നിന്നോട് ചേര്‍ന്ന് നടക്കണമെന്നതും, പിന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു നാട്ടിലേയ്ക്ക് ഒരുമിച്ചൊരു യാത്രപോകണമെന്നും, ആ യാത്രയില്‍ നനുത്ത കാറ്റിൽ ഒരുമിച്ചൊരു സംഗീതമായി, നിന്റെ തോളിൽ തല ചാരിയുറങ്ങണമെന്നും….
നാളെ എന്റെ പകലുകളിൽ നിന്നും പൂക്കളും, പൂമ്പാറ്റകളും, പുഞ്ചിരിയും, അതുപോലെ രാവുകളിൽ നിന്നും നിലാവും, നക്ഷത്രങ്ങളും ഇല്ലാതെ പോയേക്കാം. എങ്കിലും കാലമേ എന്റെ ആത്മാവോളം ഇഴുകി ചേർന്നയെന്റെ പ്രാണന്റെ ശ്വാസവും, കാതോരം കേട്ട പ്രണയത്തിന്റെ നനുത്ത വിളികളും നിനക്കൊരിക്കലും കവർന്നെടുക്കാനാകില്ല…
എത്ര പറഞ്ഞാലും മതിയാവാതെ
ഇനിയും ഒരുപാട് ഒരുപാട്
പറയാനുണ്ട്
എന്നിരുന്നാലും
തൽക്കാലം നിർത്തുന്നു

