സ്നേഹിച്ചു ഞാൻ നിന്നെ എങ്കിലും, സ്നേഹിതാ
സ്നേഹ വഴികളിൽ ഓർത്തില്ല നീ
ഇഹത്തിലെത്രയോ പാതകൾ താണ്ടി ഞാൻ
മഹത്വജീവിതം സ്വപ്നം കണ്ടു.

പാദങ്ങൾ മുത്തി ഞാൻ കല്ലിലും മുള്ളിലും
പാദത്തിനൊത്തിരി രക്ഷയേകിൽ
പാതയിൽ പാതിവഴികൾ താണ്ടീടവേ
പാതയോരെത്തേയ്ക്കെറിഞ്ഞുവല്ലേ?

പാദഭംഗി ഞാൻ നൽകിയ കാലത്തും
പാദങ്ങൾക്കല്ലയോ മുൻഗണന
പാദാരവിന്ദങ്ങൾ ശിഷ്യർ വണങ്ങുമ്പോൾ
പാടേ മറന്നു ഞാൻ എന്നെ തന്നെ.

ഇന്നു ഞാൻ വീടിന്റെ ഉമ്മറത്തങ്ങനെ
ഒന്നുമല്ലാത്തവനായിരിക്കേ
ഒന്നല്ലൊരായിരം സംഭവമെന്നുടെ
ഓർമ്മയിലെത്തുന്നു ഒന്നൊന്നായി.

എന്തിനും ദൃക്സാക്ഷിയായി നടക്കുവാൻ
സന്തതമുള്ളതു മറ്റാരാണ്?
വള്ളിപൊട്ടിപ്പോയ വള്ളിച്ചെരുപ്പാം ഞാൻ
വള്ളിക്കെട്ടായപോൽ ജീവിതത്തിൽ.!!

തോമസ് കാവാലം

By ivayana