ജന്മമേകിയ രക്ഷിതാക്കളെ ഹനിക്കുംപോൽ
ജന്മഭൂവിനെ സംഹരിക്കുവാൻ കാംക്ഷിപ്പോരേ
എന്തിനീ വൃഥാ യത്നം മേദിനി ഈ ഭാരതം
ഏത് ശക്തിക്കും കീഴടങ്ങില്ല,റിയില്ലേ?
ജീവിച്ചു മുന്നേറുവാൻ അന്നവും വീടും കൃഷി
യ്ക്കാവശ്യംപോലെ മണ്ണും തന്നതില്ലയോ നാട്
ഇച്ഛപോൽ കഴിയുവാൻ സ്വാതന്ത്ര്യം, പരിരക്ഷ
സ്വച്ഛത, സനാതന സംസ്കാര മഹത്വവും!
വേറേതുനാട്ടിൽപോലും നൽകുവാൻ മടിക്കുന്ന
നേരെഴും സൗകര്യവും സമ്പത്തും ലഭിച്ചിട്ടും
നേരെല്ലാം മറന്നുകൊണ്ടിന്ത്യയിൽ അതിക്രമം
മാറാത്തമട്ടിൽ ചെയ് വതെന്തൊരു മനോഭാവം!
ഇന്ത്യതൻ ശത്രുക്കളുണ്ടിന്ത്യയിൽ തന്നെ പുറം
രാജ്യത്തല്ലധികമെന്നാരോ ചൊല്ലിയപോലെ
ആകാതെയിരുന്നെങ്കിൽ ഇന്ത്യക്കാരെ ല്ലാവരും
ഏകത്വം രക്ഷിച്ചു കൊണ്ടൈക്യമായി
ജീവിച്ചെങ്കിൽ!
പുണ്യഭാരതത്തിലും മീതെയില്ലൊരു സ്വർഗ്ഗം
എണ്ണുവാൻ വേറെ നമുക്കെന്നതല്ലയോ സത്യം!
കണ്ണുനീർ തുടയ്ക്കുന്നു ഭാരതം ലോകത്തിൻ്റ
എണ്ണുവാൻ കഴിയാത്ത ദുരന്ത താപം മാറ്റാൻ.
മദ്യവും ആലസ്യവും വിശ്വാസം മാറ്റി തീർക്കാൻ
ഉദ്യമിച്ചീടും ചില ഭീകര മതഭ്രാന്തും
മാറ്റുകവേഗം തന്നെ ഒറ്റ ശക്തിയായിന്ത്യ
ഉത്തുംഗ വിജയത്തിൻ
സോപാനമേറീടണം!

.

സി. മുരളീധരൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *