രചന : ശ്രീജിത്ത് ഇരവിൽ ✍️
പോകാൻ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ ശ്യാമ വിയർത്തിരുന്നു. തന്നോട് ഇങ്ങനെയൊന്നും ചെയ്യരുതെന്ന ഭാവത്തിൽ ശേഷം കയർക്കുകയായിരുന്നു.
‘അത് ശരി… അനുവാദമില്ലാതെ പിന്നെയെന്തിനാ മുറിയിലേക്ക് വന്നേ…!’
പെണ്ണ് മുഖത്തേക്ക് നോക്കുന്നില്ല. തനിക്ക് പോകണമെന്ന് പറഞ്ഞ് എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു. പാറ പോലെ ഉറച്ച് നിൽക്കുന്ന ഞാൻ അപ്പോഴേക്കും കതകിന്റെ കൊളുത്ത് ഇട്ടിരുന്നു. ശ്യാമ വിങ്ങി. വിളിച്ച് കൂവുമെന്ന് പതിയേ പറഞ്ഞു. കേട്ടതായി ഭാവിച്ചില്ല. ഉള്ളിലെ ആഗ്രഹവും ഇഷ്ടവും കാട്ടിയുമില്ല. കസേരയിലേക്ക് ചൂണ്ടി ഇരിക്കാൻ ആജ്ഞാപിച്ചു.
‘നീയെന്തിനാ വന്നേ…?’
”സുധയാന്റിയോട് സ്ക്രൂഡ്രൈവർ ഉണ്ടോയെന്ന് ചോദിക്കാൻ അമ്മ പറഞ്ഞു…”
‘എന്നിട്ട്…?’
“വിളിച്ചപ്പോൾ ആരെയും കണ്ടില്ല. അതാ അകത്തേക്ക്…”
‘ഫോണിൽ വിളിക്കായിരുന്നില്ലേ! ചോദിച്ചിട്ടൊക്കെയല്ലേ വരേണ്ടത്? അമ്മ ഇവിടെ ഇല്ല… ആരെയും കണ്ടില്ലെങ്കിൽ അകത്തേക്ക് കയറോ….? അത് കൊള്ളാലോ…!’
ശ്യാമ പേടിച്ച് വിറക്കുകയാണ്. കണ്ട പരിചയം പോലും പ്രകടിപ്പിക്കാത്ത എന്റെ ഭാവത്തിൽ പേടിച്ചല്ലേ പറ്റൂ… അയൽക്കാരായത് കൊണ്ട് അമ്മയുമായി നല്ല കൂട്ടാണ്. എങ്കിലും, വീടിന്റെ അകത്തേക്ക് വരുന്ന ശീലമൊന്നും കണ്ടിട്ടില്ല. ഞങ്ങൾ ഇങ്ങോട്ടേക്ക് താമസം മാറി നാല് വർഷമൊക്കെ ആകുന്നതേയുള്ളൂ…
അപരിചിതനായ പുരുഷന്റെ മുറിയിലേക്ക് വന്ന സ്ത്രീയുടെ ഗതിയിലേക്ക് താൻ മാറുമെന്ന് ശ്യാമ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. മറിച്ച് ഭാവിക്കണമെന്ന് ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ടല്ല. അവളിൽ നിന്ന് തന്നെ എനിക്കത് കേൾക്കണം. രണ്ട് മൂന്ന് വർഷമായി നോട്ടമിട്ട പെണ്ണിനെ അടുത്ത് കിട്ടിയ സാഹചര്യം മുതലെടുക്കാൻ തന്നെയായിരുന്നു തീരുമാനം…
‘ശരി. അതൊക്കെ പോട്ടെ, നീ അകത്തേക്ക് കയറിയപ്പോൾ ഞാൻ എന്ത് ചെയ്യുകയായിരുന്നു…?’
“ഉറങ്ങുന്നു…”
അങ്ങനെ പറയാൻ ഉയർത്തിയ അവളുടെ മുഖത്തിൽ നിന്ന് ആ കണ്ണുകളെ പിന്നെ ഞാൻ വിട്ടില്ല. അതിൽ കൊളുത്തി അടുത്തേക്ക് നടന്നു. രണ്ടുപേരും കിതക്കുന്നുണ്ട്. അവളുടെ മുമ്പിൽ മുട്ട് കുത്തി ഇരുന്നപ്പോൾ താൻ വിളിച്ച് കൂവുമെന്ന് വീണ്ടും ശ്യാമ പറഞ്ഞിരുന്നു. അത്രയും അടുത്ത് നിന്നിട്ടും ശ്വാസം പോലെയാണ് ഞാനത് കേട്ടത്..
‘സത്യം പറ… എത്ര നേരം ഞാൻ ഉറങ്ങുന്നതും നോക്കി നിന്നു…?’
അയ്യടായെന്ന് പറഞ്ഞ് അവൾ എഴുന്നേറ്റ് കതകിലേക്ക് നീങ്ങി. ഞാൻ കൈയ്യിൽ പിടിച്ചു. എതിർക്കാത്തത് കൊണ്ട് തോൾ വരെ വിരലുകൾ സഞ്ചരിക്കുകയായിരുന്നു. കവിളിൽ തൊട്ടപ്പോഴാണ് ആ ഭാവം മാറിയത്. അവൾ ദേഷ്യം പ്രകടിപ്പിക്കുകയാണ്.
” മുറിയിലോട്ട് വരുന്നവരോട് ഇങ്ങനാന്നോ…?”
ആണെന്ന് പറയുമ്പോൾ അവളുടെ ചുണ്ടുകളിലേക്ക് തൊടാൻ വിരലുകൾ നീണ്ടിരുന്നു. ശ്യാമ എതിർത്തു. കണ്ണുകൾ നിറയുന്നത് കണ്ടപ്പോഴാണ് ഞാൻ പിൻവലിഞ്ഞത്. അതുവരെ പിടിച്ചിരുന്ന മസിലുകളെല്ലാം അയഞ്ഞു. ശബ്ദത്തിന്റെ കനവും നഷ്ടപ്പെട്ടു.
‘എന്നെ ഇഷ്ടയാത് കൊണ്ടല്ലേ മുറിയിലേക്ക് വന്ന് എന്നെ തൊട്ടത്. അങ്ങനെയല്ലേ ഞാൻ ഉണർന്നേ…!’
“ഇല്ല. ഞാൻ തൊട്ടില്ല. നിങ്ങള് തന്നെയാണോയെന്ന് എത്തി നോക്കിയതേയുള്ളൂ. അപ്പോഴേക്കും ഉണർന്നു…”
പ്രതീക്ഷികളെല്ലാം തെറ്റി. ഓർമ്മ ശരിയാണെങ്കിൽ അവസാന വർഷ കോളേജ് കാലത്താണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്. അന്ന് തൊട്ട് അല്ലെങ്കിലും, എപ്പോഴോ ശ്യാമയെ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു. അവൾ ചിരിക്കുന്ന നാളുകളെയെല്ലാം തലയിൽ എവിടെയൊക്കെയോ ഓർമ്മപ്പെടുത്തിയിരുന്നു.
‘ഹെലോ.. കൺഗ്രാസ്സ്…’
എനിക്ക് ജോലി കിട്ടിയ കഴിഞ്ഞ വർഷം ശ്യാമ പറഞ്ഞതാണ്. അന്ന് മാത്രമേ ഞങ്ങൾ സംസാരിച്ചിട്ടുള്ളൂ… വീട്ടിൽ നിന്ന് ബസ്റ്റോപ്പിലേക്കുള്ള ആ ചെറിയ ദൂരം ആയുസ്സോളം നീണ്ട് കിടക്കുന്നു…
കൂടുതൽ പ്രധാന്യത്തോടെ പരസ്പരം ശ്രദ്ധിക്കുന്നുണ്ടെന്ന് പിന്നീടുള്ള നാളുകളിലെല്ലാം വെറുതേ ധരിച്ചുപോയി. ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ അവൾ എന്നെ ആഗ്രഹിക്കുന്നില്ല. മനുഷ്യരല്ലേ… ആഗ്രഹിക്കാനല്ലേ പറ്റൂ… നിർബന്ധിപ്പിക്കാൻ എന്ത് അവകാശം…
‘പോയ്ക്കൊളൂ…’
കൊളുത്ത് താഴ്ത്തിയതിന് ശേഷം ഞാൻ പറഞ്ഞു. തുറക്കാൻ കഴിയുമായിരുന്നിട്ടും കതകിന്റെ അടുത്തേക്ക് ശ്യാമ നടന്നില്ല. പോയിക്കൊള്ളൂവെന്ന് വീണ്ടും ശബ്ദിച്ചു. അവൾ കേട്ടതായി ഭാവിച്ചില്ല. പെണ്ണ് കാര്യമായിട്ട് എന്തോ ആലോചിക്കുകയാണ്…
‘ഞാനിത് സുധയാന്റിയോട് പറയും…’
“ഞാനും പറയും…”
‘എന്ത്…?’
“മുറിയിലേക്ക് വന്ന് ഉറങ്ങി കിടന്ന എന്നെ തൊട്ടത്…”
തൊട്ടില്ലെന്ന് പറഞ്ഞ് പെണ്ണ് പൊട്ടിത്തെറിച്ചു. ശേഷം കതക് തുറന്ന് പുറത്തേക്ക് പോയി. അപ്പോഴേക്കും ശ്യാമേയെന്ന് വിളിച്ച് അവളുടെ അമ്മ മുറ്റത്തേക്ക് എത്തിയിരുന്നു.
സ്ക്രൂഡ്രൈവർ വാങ്ങാൻ വന്ന പെണ്ണ് അരമുക്കാൽ മണിക്കൂർ മുറിയിൽ എന്തെടുക്കുവായിരുന്നുവെന്ന ചോദ്യത്തിൽ വ്യക്തമായൊരു മറുപടി പറയാൻ രണ്ട് പേർക്കും സാധിച്ചില്ല. ഞങ്ങൾ തമ്മിൽ ബന്ധത്തിലാണെന്ന് അവർ ഊഹിച്ചു. ശ്യാമ തിരുത്താൻ ശ്രമിച്ചപ്പോൾ ഞാൻ സമ്മതിച്ചു. ആ നേരത്തെ അവളുടെ നോട്ടം ഭയപ്പെടുത്തും വിധമായിരുന്നു.
വിഷയം എന്റെ അമ്മയും അറിഞ്ഞു. നിങ്ങൾ തമ്മിൽ ഇങ്ങനെയൊരു ബന്ധം ഉണ്ടെന്ന് താൻ പോലും അറിഞ്ഞില്ലായെന്ന് അമ്മ പറയുകയും ചെയ്തു. പരിസരവാസികളിലേക്കും വാർത്ത പടർന്നു. തുടർന്ന് നടന്ന സംഭവ വികാസങ്ങളെല്ലാം അനുകൂലമായിരുന്നു. വിവാഹ തീയതി വരെ നിശ്ചയിച്ചു. ശ്യാമയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയില്ല. കൂടെ ജീവിക്കാൻ സമ്മതിച്ച സ്ഥിതിക്ക് എന്നെയും ഇഷ്ടം തന്നെ ആയിരിക്കണം. അല്ലെങ്കിലും വിഷയമില്ല. ഞാൻ സ്വാർത്ഥനാണെന്ന് പറഞ്ഞാലും പരിഭവമില്ല. അവസരം മുതലെടുത്തുവെന്ന് തോന്നിയാലും വിരോധമില്ല.
എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ, ഓരോ മനുഷ്യനും സ്വകാര്യമാണ്. അനുവാദമില്ലാതെ അകത്തേക്ക് പ്രവേശിച്ചാൽ ഉണ്ടാകുന്ന അപകടങ്ങളുടെ ഗൗരവ്വം ഇനിയെങ്കിലും മനസ്സിലാക്കട്ടെ…
ശ്യാമയ്ക്ക് ന്യായീകരങ്ങൾ ഇല്ല. അതുകൊണ്ട് തന്നെ കുറ്റബോധം നിഴലിൽ പോലും തൊട്ടില്ല. പക്ഷേ, വളരേ കൗശലത്തോടെ നേടിയെന്ന് കരുതിയ ആഗ്രഹം ആദ്യരാത്രിയിൽ ഒരു കാര്യം പറഞ്ഞു. തുടർന്നുള്ള കാലമത്രയും മണ്ടനെന്ന ചിരിയോടെ മുഴങ്ങാൻ പാകം കാതുകളിലത് ആവർത്തിക്കുകയാണ്.
‘അതേയ്, നിങ്ങളന്ന് ഉണർന്നത് ഞാൻ തൊട്ടിട്ട് തന്നെയാണ്…!!!’

