രചന : യൂനസ് മണത്തല ✍
മൺപാതയുടെ മഴവാസനയിൽ
നിന്റെ പേരിൻ പൊടി പറന്നു
പാദസ്പർശം തൊട്ട വഴികൾ
ഇന്നും നിന്നെ തേടി നടന്നു
പുഴയോരം ചായുന്ന നേരം
പനയോലകൾ രഹസ്യം ചൊല്ലി
മറന്നുപോയ എൻ മൗനങ്ങൾ
നിൻ കണ്ണുകളിൽ വീണ്ടുമുണർന്നു
നിൻ ചിരിയിൽ എൻ സ്വപ്നങ്ങൾ ഉണർന്നു
ഇരുണ്ട രാവുകൾ പോലും നിലാവായി മാറി
വരണ്ട ഹൃദയത്തിന്റെ വാതിലുകളിൽ
വീണ്ടും മഴത്തുള്ളികൾ പാടി
കാറ്റിലൂടെ നീ വന്നപ്പോൾ
ചെമ്പകങ്ങൾ സുഗന്ധമായി വിരിഞ്ഞു
സ്പർശിക്കാതെ ചേർന്ന പ്രണയം
എൻ ശ്വാസങ്ങളിൽ അലിഞ്ഞുചേർന്നു
നിന്റെ വാക്കുകൾ തൊടുന്ന നേരം
കാലവും നിശ്ചലമായി നിന്നു
ഒരു നിമിഷം നിന്റെ കൂടെയെങ്കിൽ
ഒരു ജന്മം മുഴുവൻ ജീവിച്ചതായി തോന്നി
പുഴ ഒഴുകും കടലിലേക്കെങ്കിലും
എൻ ഹൃദയം നിന്നിലേക്കാണ്
ജന്മങ്ങൾ പിന്നിട്ടാലും
എൻ പ്രണയം നിന്റെ പേരിലാണ്.

