( 1996 – Gen Z-വരവറിയിച്ച കാലം….
വിപ്ലവകാരികൾക്ക് കൂട്ടക്കൊല പ്രതീക്ഷയുടെ വസന്ത കാലം… മാവോയിസത്തിന്റെ കമ്പോഡിയൻ കിരാത കാലം…)

സർക്കാർ തന്ന വായ്പയാൽ
ഞാനെടുത്ത കമ്പ്യൂട്ടറിൽ
മകൻ ഹരികൃഷ്ണൻ
ഹരിശ്രീ കുറിച്ചതിങ്ങനെ:
ലോകമഹായുദ്ധങ്ങൾ
യൂറോപ്പിൽ
വസന്തത്തിന്റെ വർഷകാലം
ക്രിസ്തുവും കൽക്കുരിശും
ഹിംസ്രജന്തുക്കളും
തൃഷ്ണകൾ പൂക്കുന്ന
വാഗ്ദത്തഭൂമിക്കായ്
വാതിൽ തുറക്കുന്നു…
ലങ്കയിൽ വംശീയകലാപം;
നിലയ്ക്കാത്ത തിരമാലകൾ..
തിരക്കൊഴിഞ്ഞ വിഹാരത്തിൽ
ബുദ്ധന്റെ ഒറ്റപ്പല്ലിൽ
ചിരിയുടെ
ചിത്രലിപികൾ വളരുന്നു…
സ്വപ്നങ്ങളിൽ അവൻ പുലമ്പി;
കമ്പ്യൂട്ടർ പറഞ്ഞതിങ്ങനെ:
ക്രിസ്തു എന്നെ മാലാഖമാർക്കൊപ്പം
പന്നിക്കൂട്ടങ്ങൾക്കിടയിൽ
മുത്തു വിതയ്ക്കാൻ വിളിച്ചു
ബുദ്ധൻ എന്നെ ശരണം വിളികളുടെ
ആവർത്തനങ്ങളിലൂടെ
ശരശയ്യയിൽ
ശയിക്കാൻ വിളിച്ചു
ഞാനോ വിശ്വാസത്താൽ
വിലയിടിഞ്ഞു പോയൊരു വിഗ്രഹം
അരയുറക്കത്തിൽ
ഹരികൃഷ്ണൻ
എന്റെ ഇടതുചെവിയിൽ മന്ത്രിച്ചു;
കമ്പ്യൂട്ടർ പകർത്തിയ തിങ്ങനെ:
ചൈനയിൽ
ബുദ്ധന്റെ ചിരിക്ക് ചാരനിറം
ലാമയ്ക്ക് അമേരിക്കൻ ബൊക്ക ;
ഗാന്ധിതൊപ്പിയും ഭിക്ഷാപാത്രവും
നമ്മുടെ വകയായ്…
ലങ്കയിൽ
ബുദ്ധന്റെ കണ്ണുനീരിന്
കടുകിൻ പൂമണം-…
കമ്പ്യൂട്ടറിലിപ്പോൾ
ക്രിസ്തുവും ബുദ്ധനും
ഹരികൃഷ്ണന്റെ
വികൃതിക്ക് വഴങ്ങുന്ന
സയാമീസ് ഇരട്ടകൾ…
അവന്റെ സ്വപ്നങ്ങൾക്ക്
ഹിറ്റ്ലറുടെ മുറിമീശക്കൂത്ത്
കമ്പ്യൂട്ടറിൽ
ക്രിസ്തുവിനെ
കിരാതനാക്കുക
അവന്റെ ഒഴിവുകാല വിനോദം
കീബോർഡിൽ
വിരലുകളുടെ വിലപേശൽ:
അച്ഛാ…
വെള്ളിനാണയം
മുപ്പതാകുമ്പോൾ
ക്രിസ്തു എനിക്ക്സ്വന്തം
ഞാൻ നട്ട കടുകുചെടി പൂക്കുമ്പോൾ
ബുദ്ധൻ എനിക്ക് സ്വന്തം
കുരിശു മുത്താൻ
മുഖം ചായ്ക്കവെ
കമ്പ്യൂട്ടർ വിലക്കി:
oh… Dad are you mad…?
ഹരികൃഷ്ണന്റെ
രാവുറക്കത്തെ മഥിച്ച
സ്വപ്നങ്ങളെ
കമ്പ്യൂട്ടർ വ്യാഖ്യാനിച്ചതിങ്ങനെ:
ക്രിസ്തുവും ബുദ്ധനും
ജനനാന്തര പ്രാപ്തിക്കായ്
അതിജീവനത്തിന്റെ
ഭിക്ഷാടനങ്ങളിൽ
പാമ്പിനെപ്പോലെ
വളയൂരലിന്റെ സമാധിയിലാണ്
സമാധിയുടെ ഇടവേളകളിൽ
ബുദ്ധന്
ക്രിസ്തുവിനെയോർത്ത് ചിരിവന്നു
ക്രിസ്തുവിന്
ബുദ്ധനെയോർത്ത് കരച്ചിൽ വന്നു
ഹരികൃഷ്ണന്റെ
ഇടതുകണ്ണിൽ ചിരിയും
വലതു കണ്ണിൽകരച്ചിലും
കത്തി നിന്നു….
കുരിശിൽ ചെവി പൊത്തിയാൽ
കുതിരക്കുളമ്പടിയൊച്ച…
ക്രിസ്തുവിന്റെ കണ്ണുനീരിന്
കടൽച്ചൂരെന്ന് കമ്പ്യൂട്ടർ
ഭൂമി
ക്രിസ്തുവിന്റെയും
ബുദ്ധന്റെയും
വിഹാരം
സമാധിയിൽ
ഉപേക്ഷിച്ചുപോയ വളകളുടെ കൂമ്പാരം
ചിതമ്പൽ ചിതറിയ
ചാവുനിലങ്ങൾ
അവ
ജൈവ വന്ധ്യതയാൽ
മണ്ണോട് മണ്ണടിയാൽ
വൈമനസ്യപ്പെട്ട്
ഉപയോഗിച്ചു പഴകി
വലിച്ചെറിയപ്പെട്ട
പ്ലാസ്റ്റിക് വസ്തുക്കൾ പോലെ
മഴവില്ലിനെ പുലഭ്യം പറഞ്ഞു
അവശേഷിച്ച
ജൈവ സ്രോതസ്സിന്റെ
പച്ചപ്പിൽ നിന്ന്
വെട്ടുകിളിയുടെ ആരവത്തോടെ
ക്രിസ്തുവും ബുദ്ധനും
പുതിയ വളകളുടെ ഗർവ്വിൽ
ചിതമ്പലുകളുടെ
ഇത്തിരി വെട്ടത്തിൽ
വലം വയ്ക്കവെ
കമ്പ്യൂട്ടറിൽ
മൈക്കലാഞ്ചലോയുടെ
വെളിപാട്…
ഹരികൃഷ്ണന്റെ
തഥാഗതപ്രജ്ഞയിൽ
ഒരു ഖമറൂഷ് വസന്തം
ഒരു ക്ലോണിംഗ് വർഷകാലം
മുളപൊട്ടി…
പാഴ്ഭൂമിയിൽ
വീണുമുളച്ചൊരാൽ വൃക്ഷം പോലെ
അവന്റെ ജന്മം
ആകാശത്തിന്റെ
അടരുകളോരോന്നായ്
ചികഞ്ഞുകൊണ്ടേയിരുന്നു…
അടഞ്ഞ വാതിലിനുള്ളിൽ
കമ്പ്യൂട്ടറും മൈക്കേലാഞ്ചലോയും
പുറത്ത്
ജനിതകസുവിശേഷങ്ങളുടെ
തോരാമഴ….
*

By ivayana

Leave a Reply

Your email address will not be published. Required fields are marked *