രചന : വൈഗ ക്രിസ്റ്റി ✍️
കഥകളുടെ ദൈവമേ!
ഏതോ
സായാഹ്ന സവാരിയിൽ
വിരലിൽ തൂങ്ങിയ
നിൻ്റെ
ഒരു കഥയായിരുന്നിരിക്കണം
ഞാൻ
നീയെന്തു കൊണ്ടാണ്
തോറ്റുപോയവരുടെ
കഥാപുസ്തകത്തിൽ
ഒരു
പേജിൽ എന്നെ പതിപ്പിച്ചു വച്ചത് ?
നിനക്കറിയാമോ?
എൻ്റെ കഥയിൽ
ഞാൻ എത്രയോ തവണ
മരിക്കുകയും
വീണ്ടും ജനിക്കുകയും
ചെയ്തിരിക്കുന്നു .
സ്വയം
വായിച്ചു നോക്കിയിട്ടു പോലും
പരിഹാസമല്ലാതെ
ഒന്നും തോന്നാത്ത
ഒരു കഥയായതെന്തേ ഞാൻ?
തൊട്ടടുത്ത
വരികൾ പോലും
വിരുദ്ധാശയങ്ങൾ നല്കുന്ന
ഒരുഗ്രൻ അസംബന്ധ കഥ
ഒരുപക്ഷേ
നിനക്കിതൊരു പുതുമയായിരിക്കണം
മറ്റു ദൈവങ്ങൾ
സഞ്ചരിക്കുന്നതിൽ നിന്നും
വേറിട്ട വഴി …
കാതുകളിൽ
അലുക്കുകമ്മൽ പിടിപ്പിച്ച
ആകാശത്തിൻ്റെ വരാന്തയിൽ നിന്നുമുള്ള
മടക്കയാത്രയിൽ ,
വലിച്ചെറിഞ്ഞുകളയുമ്പോഴെങ്കിലും
ഞാനൊന്നു
മരിച്ചു തീരുമോ എന്തോ!
