ചാരേ ചാരുഗാത്രങ്ങളേറെ ചിരിക്കുന്നു
ചാരിതാർത്ഥ്യമോടധികമുഴറുമ്പോഴും
ചേലുള്ള ചരിവിൽ പിടിച്ച തലയിലായി
ചിരസ്ഥായിയായുയ്യോ ചതിവ് മാത്രം.

ചൂട്ടു പിടിക്കുന്നോരു സേവനത്താൽ
ചൂണ്ടയിൽ കോർക്കുന്നിതായിരകളെ
ചെണ്ടകൊട്ടിച്ചുല്ലസിച്ചുരസിച്ചടിമകളെ
ചാറു പിഴിഞ്ഞു ചിരട്ടയെടുപ്പിക്കുന്നന്ത്യം.

ചെറിയ കാര്യങ്ങൾക്കു ശണ്ഠയാലെ
ചൊറിഞ്ഞാ ചൊറി പുണ്ണാക്കാനായി
ചെറ്റത്തരമാണു ഇമ്പമെന്നാലാർത്തു
ചിരിച്ചതു പൊതിഞ്ഞിടുന്ന നന്മയും.

ചന്ദനം തൈലം ചേലയിൽ പൂശിയവർ
ചേലുള്ളവയണിഞ്ഞുഷാറായൂഴിയിൽ
ചമയുംനൈപുണിയിലരിശമേറുമ്പോൾ
ചുണ്ടിലറിയാതൂറുന്നുയോധസംരാവം.

ചിന്തയിലേറെയായിവൈരനിര്യാതനം
ചുട്ടമുതലുള്ളൊരാഉദ്ദാനത്തിലാർന്നു
ചങ്ങലയേന്തുന്ന കീലിതനായുഴറുന്നു
ചുറ്റുമില്ലേയില്ലൊരു ജ്ഞാതിപ്പോലും.

ചെറിയ കാര്യത്തിനാദിയായോരെല്ലാം
ചിന്തിച്ചു ചിന്തിച്ചന്ത്യമപക്വരാകുമ്പോൾ
ചേതനയെല്ലാമസ്ഥിരച്ചിത്തരായിട്ടോ
ചെയ്യുന്നതെല്ലാ൦ അബദ്ധമായീടുന്നു.

ചുഴിയേറിയ ചോലയാമൂഴിയിലാണ്ടാണ്ട്
ചലിക്കുന്നാവർത്തന ജീവിതചക്രത്തിൽ
ചവിട്ടിത്തിരിയുന്നൊരാചുഴറ്റലിലാഴ്ന്ന്
ചരമമാകാനുള്ള അന്തിമവിധിയുമായി.

ചരതമോടുന്ന ഇളയിലിളകിയാടുന്ന
ചകിതമായ ഇരകളായിത്തീരുമ്പോൾ
ചാടിത്തേഞ്ഞുരുകുന്നജീവാഗ്‌നിയിൽ
ചട്ടുകമാകുന്ന ദുരേഷണാജന്മങ്ങൾ.

ചതുരക്കളമാകുന്നവസുധയിലായി
ചൂതുകളിക്കുന്നോരരങ്ങുണരുമ്പോൾ
ചതിച്ചും മെതിച്ചും ചവിട്ടിയറുതിയായി
ചരിത്രത്തിലിടമാകുന്നകമ്മികളയ്യയ്യോ !

ചേരപ്പോലെങ്ങുമായത്തിലിഴയുമ്പോൾ
ചെളിക്കുണ്ടിലായോരുയാപത്തുകൾ
ചാണകം പോലെ കറുത്തിരിണ്ടുപോയി
ചൂരടിക്കുന്നു അസഹ്യമാമറപ്പാകുന്നു.

ചൂണ്ടയിൽ കോർത്തോരിരയേപ്പോൽ
ചമ്പുമേന്തിയുഴറുമ്പോളന്ത്യംവരേയ്ക്കും
ചമ്മട്ടിയാലുള്ളയടിയേറ്റിയേറ്റിതളർന്ന
ചേറിലുഴാനുള്ളകാളകളാകുന്നമർത്യർ.

ചാടുന്ന കാളവണ്ടിയും കഴുത്തിലേറ്റി
ചക്രവുരുട്ടുവാനായുള്ളപയാനത്തിൽ
ചുമക്കവേ മന്ദീഭവിച്ചോരടിമവകകൾ
ചേഷ്ടയാലെകിതയ്ക്കുന്നകാഴ്ചകൾ.

ചൊവ്വുള്ളൊരു ഉൽപ്പത്തിയെങ്ങുണ്ട്
ചക്രപദമാകെ അഴലിലാണ്ടിടുമ്പോൾ
ചുമലിലേറുന്ന ചുമതലയിലാണ്ടാണ്ടു
ചിതയിലുമിത്തീപ്പോലുരുകിത്തീരാൻ.

ചാരുഗാത്രത്തിലലിയുന്ന മൂകതയിൽ
ചെമപ്പാർന്നോരു ആരേച്ചാർ ദണ്ഡനം
ചിറകെട്ടുന്നോരാവൈരാണുക്കളാലെ
ചില്ലറയല്ലയാഘാതപ്രത്യാഘാതങ്ങൾ.

ചാപാണമേന്തുന്ന അടയാളങ്ങളാൽ
ചീറിയടുക്കുന്ന അജ്ഞാതനാലെല്ലാം
ഛിന്നിപ്പിച്ചു ചിതിറിക്കാനൊരുമ്പെട്ടു
ചോദ്യമായോരുലകത്തിലായയ്യയ്യോ!

ചടുലമായൊരാപിനാകപാണിയിതാ
ചാട്ടത്തിലായുയർന്നുപൊങ്ങുമ്പോൾ
ചീരേകിയതാദ്യമേയെന്തെന്നറിയാതെ
ചുടലക്കളമായോരുയറവുശാലയിൽ.

ചിരമാർന്ന ചട്ടങ്ങളാലുയർന്നുയർന്ന്
ഛേദ്യമാകുന്ന ഭൂമിയിലഴലുമായെല്ലാം
ചേരിയാർന്നൊന്നിപ്പിച്ചുഭിന്നിപ്പിക്കുന്ന
ചോദനയാർന്നാചാരാനുശാസനങ്ങൾ.

അഡ്വ: അനൂപ് കുറ്റൂർ

By ivayana