ആരുടെയൊക്കെയോ ഓർമ്മപ്പെടുത്തലുകൾ തൊട്ടറിയുന്നുണ്ട്.
കണ്ണുകളിലേക്ക്
ഒളിയെറിഞ്ഞ സൂര്യനെ കണ്ടറിയുന്നു.
നാവിലിറ്റിച്ച മുലപ്പാലിന്റെ മാധുര്യത്തിൽ
ജന്മബന്ധങ്ങളുടെ വേരിറക്കമറിഞ്ഞതും,
ഒരുപുഴയുടെ പലകൈവഴികളിലും
ജനിമൃതികളുടെ ഓളപ്പരപ്പിലും
നീന്തിത്തുടിച്ചകാലമിത്രയും കടന്നത്രെ!!
ഒഴുക്കിൽ തനിച്ചും വഴുക്കിൽ പിടിച്ചും
ഇരുകരയുടെ ദൂരമളന്നും കാലം കടന്നതറിഞ്ഞില്ല.
ജീവിതമേ…
നിന്നോടെന്നപോൽ മറ്റൊന്നിനോടും
ഇത്രമേൽ സമരസപ്പെട്ടിട്ടില്ലിവൾ.
നമുക്കിടയിലെത്രയെത്ര അസ്വാരസ്യങ്ങളെങ്കിലും,
ഗമിക്കുന്നുഞാനീ
ദിക്കറിയാതുഴലുമീ പായ്ക്കപ്പലിൽ.
സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളിലും,
പരാജയത്തിന്റെ ചക്രവാതത്തിലും,
ഘനീഭവിച്ചുറയുമീ ഏകാന്തതയിലും,
നടുക്കടലിലാക്കി നീയെന്നെ.
പേക്കിനാവിന്റെ വഴികളിലൂടെ വലിച്ചിഴച്ചും
എന്നിലേക്കൊരു മഴക്കാടിനെ പറിച്ചുനട്ടും
ഊഷര ഭൂവിൽ മരുപ്പച്ച തേടിയലയിച്ചും
തല്ലിപ്പഠിപ്പിച്ച തത്വശാസ്ത്രങ്ങളൊക്കെയും
തെല്ലും മറക്കാതോർത്തുവച്ചിട്ടുണ്ടു ഞാൻ.
ജീവിതമേ…
കാലചക്രത്തിൻ നീരുചേർത്തുടച്ചു
നീ മെനഞ്ഞ മൺകലമാകുന്നു ഞാൻ.
ഓർമ്മകളുടെ ഉപ്പുമാങ്ങ കെട്ടിപ്പൊതിഞ്ഞു
കാലമെത്ര കാത്തുസൂക്ഷിച്ചു ഞാനിതിൽ.
വരാൻ പോകുന്ന പ്രളയക്കെടുതിയിൽ
കുന്നിടിയുമെന്നും കാടൊലിക്കുമെന്നും
നാടു മരിക്കുമെന്നും നീ പറഞ്ഞിട്ടും
അവസാന നിമിഷം വരെ
പൊരുതി മരിക്കുവാൻ തുനിഞ്ഞിറങ്ങി ഞാൻ
അതിരിടാത്ത നാടില്ല,
പടപൊരുതാത്ത സൈന്യമില്ല,
പിടിച്ചടക്കാത്ത രാജ്യമില്ല,
യുദ്ധത്തിനൊടുവിൽ ആറടിമണ്ണാരു
തീറെഴുതിത്തരുമെന്നോർത്തറിയാതെ
വിലപിച്ചു കാലംകഴിക്കുന്ന പാഴ്ജന്മമോ?
ജീവിതമേ…
നടക്കും വഴികളിൽ വെളിച്ചം പകർന്നും
ഉച്ചയോടടുക്കുമ്പോഴുച്ചിയിൽ വേവേറ്റിയും
ഏറെയും നടന്നു തളർന്നൊരീ സന്ധ്യയിൽ
രാവിന്റെ കൂരയിലന്തിയുറങ്ങുമ്പോഴും
ഇരുളിൽ നീ പൊഴിക്കുമൊരിറ്റു നിലാവിൽ
പൂത്തുലയുന്നു ഞാനീ നിശാഗന്ധിപോൽ.
ആർത്തലച്ചു പെയ്യുമീ മഴയിൽ നീയെന്റെ
നോവിന്റെയുപ്പു കുറുക്കി രുചികൂട്ടിയിട്ടും
പ്രണയത്തിന്റെ മുന്തിരിച്ചാറു കുഴച്ചും
തേൻ പുരട്ടിയോരോർമ്മകളെ തികട്ടിച്ചും
കൈപ്പുനീരിനെ കുടിച്ചു വറ്റിച്ചും
രക്തം വാർന്നൊലിക്കുമീ മുറിവുകളിൽ
ജന്മ പുണ്യത്തിന്റെ ചുംബനമിറ്റിച്ചും
മത്തു പിടിപ്പിക്കുകയാണു ജീവിതമത്രയും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *