നൂറ്റാണ്ടു പിന്നിടുന്ന അക്ഷര കളരിയിൽ
ഇളകിയാടുന്ന ജന്നൽ പാളികൾക്കും
ഒടിഞ്ഞുവീണ് പൂതലിച്ച ബെഞ്ചുകൾക്കും
പിരിയടർന്ന ടാപ്പുകൾക്കും പറയാൻ കഥകളേറെയുണ്ട്
തഴമ്പിച്ച ഇരിപ്പിടങ്ങളിൽ വർഷങ്ങൾ തള്ളിനീക്കവെ
മഷിയടർന്ന് പാണ്ടു കയറിയ ബോർഡുകളിലെ
തെളിയാത്ത വരകളും കുറികളും അക്ഷരങ്ങളും
പല്ലിയും പാറ്റയും പെരുച്ചാഴിയും കൂട്ടമായ് വാഴുന്ന
ലാബും പുസ്തകശാലയും പറയുന്ന കഥകളിൽ
കദനവും കണ്ണീരും ചിരിയും പ്രണയവും കുശുമ്പും കുന്നായ്മയും
ജാടയും അസൂയയും അഹന്തയും അവജ്ഞയും
ജയപരാജയങ്ങളുടെ നൂല്പാലങ്ങളും ഏറെ പുളിച്ചു പോയിരിക്കുന്നു
ചുവരിൽ കോറിയിട്ട പ്രണയ വചനങ്ങൾവിഢ്ഢിത്തങ്ങൾ
വിടപറയലിൻ്റെ നൊമ്പരങ്ങളൊതുക്കിയ
ഓട്ടോഗ്രാഫിൻ്റെ താളുകളിൽ
വാലൻ പുഴുക്കൾ പുളയ്ക്കുന്നു
സ്ഥലം മാറ്റങ്ങളിൽ പേ റിവിഷനുകളിൽ
സമരങ്ങളിൽ അഭിരമിക്കുന്നവർ
അകത്തും പുറത്തും
ബാല്യം കൗമാരം യൗവ്വനം വാർദ്ധക്യം
ജോയിനിംഗ് പാർട്ടിയും റിലീവിംഗ് ഡിന്നറും
പ്രവേശനോത്സവങ്ങളും സെൻ്റോഫും
അവിചാരി തങ്ങളായ് പിറക്കുന്ന അവധികൾ
ആനന്ദമാക്കുന്ന വിദ്യാർത്ഥികൾ
പരീക്ഷകളുടെ ചൂടും സൗഹൃദങ്ങളുടെ ചൂരും
ഇവിടെ പരസ്പരം മൊഴികൾ കൈമാറുന്നു.
സ്പോർട്സ് ഡേയും കലോത്സവ ദിനങ്ങളും അരങ്ങൊഴിയവെ
വേർപിരിയലിൻ്റെ നാളുകൾ പടവുകളിറങ്ങി മറയവെ
ഇവിടം ശൂന്യമാവുന്നു

By ivayana

Leave a Reply

Your email address will not be published. Required fields are marked *