ഞാൻ നിന്നെ
ഉപേക്ഷിക്കും മുൻപ്
അയച്ചിട്ടും
കൈപ്പറ്റാത്ത
എന്റെ കത്തുകളെല്ലാം
തിരിച്ചു വാങ്ങും.
കത്തുകൾ
ശീതീകരിക്കപ്പെട്ട
അണ്ഡമാണ്.
മറന്നുകളയും മുൻപ്
പതിഞ്ഞിട്ടും
തിണർക്കാതെ പോയ
ഉമ്മകളെല്ലാം
തൂത്തുകളയും.
വജ്രമായവയെന്നിൽ
പ്രകാശിക്കാനിടയുണ്ട്.
കണ്ടുതീർക്കും മുൻപ്
ഒരിക്കൽക്കൂടിയെന്ന്
അതേ ദാഹത്താൽ
ഉറവയെത്തുംവരെ
തിരഞ്ഞു ചെല്ലണം.
ഞാനെന്ന
എന്റെ ഒറ്റവഴിയിൽ
അനക്കമില്ലാതെയത്
കാടായെന്നുവരാം.
ഇറക്കിവിടും മുൻപ്
ഒരുമിച്ചിരുന്നു നമ്മൾ
സ്നേഹിച്ചതിന്റെ
കുത്തിക്കെട്ടുകളിൽ
കുരുക്കഴിക്കണം.
അഴയുന്തോറും
കുരുങ്ങിക്കുരുങ്ങി
അതിൽത്തന്നെ കിടക്കുമെന്ന്
മൗനഭാഷയിൽ
പുഞ്ചിരിക്കണം.
നീയല്ലാതെ
ഉപാധിയില്ലെന്ന
നിറവിൽ
വീണ്ടും വീണ്ടും
കത്തെഴുതുകയും
ഉമ്മ പറ്റിക്കുകയും
ഓർമകളുണ്ടാക്കുകയും
പ്രണയത്തിൽ
അകപ്പെടുകയും ചെയ്യുന്നു.

വാക്കനൽ

By ivayana