രചന : അൻവർ ഷാ ഉമയനല്ലൂർ♦️ ✍
🌈
ചന്ദ്രതാരങ്ങളായ് ചിന്തോദയങ്ങളായ്
ചിത്രവിളക്കുപോൽത്തെളിയുന്നു നിൻപ്രിയം
ചിരകാലമറിയാതകന്നില്ലെ നിൻ സ്മിതം
ചിരിതൂകി നിൽക്കുന്നിതാ വസന്തോദയം.
ചമത്ക്കരിക്കുന്നുലകിലോരോ പ്രഭാതവും
ചന്ദനോദ്യാനസ് മിതങ്ങളാൽ സന്തതം
ചരണാരവിന്ദം നമിക്കുന്നു പാരിടം
ചാമരംവീശിനിൽക്കുന്നുപരി വാനിടം.
ചിന്തനീയം തഥാ ധരതൻ പ്രദക്ഷിണം
ചലനാത്മകം പരമോത്കൃഷ്ടമാകെയും
ചിരപരിചിതം സ്തുത്യമാകിലും കവിതപോൽ
ചമയ്ക്കുന്നതാരിന്നുമാരണ്യമാനസം ?
ചപല ഹൃദയങ്ങളാലറിയില്ല തിരുവരം
ചടുലമല്ലാരാമമെന്നപോൽ സ്പന്ദിതം
ചരാചരങ്ങളുണർത്തുന്നു നിൻ സ്മിതം
ചലനാത്മകം സ്തുത്യമല്ലോ തിരുഹിതം.
ചക്രപാലനംപോലെയല്ലുദയ സാഗരം
ചിത്രവർണ്ണങ്ങളാൽ നിറയ്ക്കുന്നു നിൻവരം
ചക്രാസനംപോൽ പ്രയാസകരമെങ്കിലും
ചാക്രികമാക്കുന്നുദാരമായ് തിരുഹിതം.
ചതുരോക്തിയാരമ്യമാകയാൽ കാവ്യമായ്
ചതുരശ്ര ശോഭ പകരുന്നുപരി പുലരികൾ
ചന്ദ്രകലാധരാനന്ദമാം നഭസ്സുപോൽ
ചന്തമേനറിയുന്നു ഹൃദയസ്സരസ്സിലും.
ചമയവിളക്കുമായെതിരേറ്റിടുന്നു നിൻ
ചമത്കാരമാകെയുണർത്തുന്ന രജനികൾ
ചാരുസ്മിതത്താൽ നമിക്കുന്നു മനസ്സുകൾ
ചാലകോർജ്ജത്താൽ തുടിക്കുന്നു കവിതകൾ..

