നമ്മുടെ പരിസരത്ത് ഓടിനടക്കുന്ന ചുണ്ടെലി, കാട്ടിലൂടെ പതുക്കെ നടന്നു നീങ്ങുന്ന കരയിലെ ഏറ്റവും വലിയ ജീവി ആന, ഭൂമിയിലെ ഏറ്റവും വലിയ ജീവി ഭീമാകാരമായ നീലത്തിമിംഗലം എന്നിങ്ങനെ സസ്തനികളുടെ ലോകം അതിവിശാലമാണ്.
ഇവരുടെ രൂപവും സ്വഭാവവും ജീവിക്കുന്ന ചുറ്റുപാടുകളും ഭക്ഷണരീതികളും എല്ലാം തികച്ചും വ്യത്യസ്തമാണ്. എന്നാൽ ഇവരുടെയെല്ലാം ജീവിതത്തിൽ വളരെ കൌതുകകരമായ ഒരു പൊതുഘടകമുണ്ട്. സസ്തനി എന്ന മുലയൂട്ടുന്ന സ്വഭാവം പോലെ ഉള്ളവയല്ലേ എന്ന് സംശയിക്കാം, എന്നാല്‍ അതല്ല പറഞ്ഞു വരുന്നത്.

ഇവരുടെ ആയുർദൈർഘ്യം പരിശോധിച്ചാൽ തികഞ്ഞ അന്തരമാണുള്ളത്. ചിലർ വെറും ഏതാനും മാസങ്ങളോ വർഷങ്ങളോ മാത്രം ജീവിക്കുമ്പോൾ, മറ്റുചിലർ അറുപതോ എഴുപതോ വർഷങ്ങൾ വരെ വളരെ സുഗമമായി ജീവിക്കുന്നു.
ഇനി ഇവരുടെ ഹൃദയമിടിപ്പിന്റെ വേഗത നോക്കിയാലോ? അതും തീർത്തും വ്യത്യസ്തമാണ്. ചില ജീവികളുടെ ഹൃദയം ഒരു റേസിംഗ് കാറിലെ എഞ്ചിൻ പോലെ അതിവേഗം മിടിക്കുമ്പോൾ, മറ്റു ചിലരുടേത് യാതൊരു ധൃതിയുമില്ലാതെ വളരെ പതുക്കെയാണ് മിടിക്കുന്നത്.
രൂപത്തിലും ആയുസ്സിലും ഹൃദയമിടിപ്പിന്റെ വേഗതയിലും ഇത്രയധികം വ്യത്യാസങ്ങളുള്ള ഈ സസ്തനികളെ അദൃശ്യമായ ഒരു ചരടിൽ കോർത്തിണക്കിയിട്ടുണ്ട്. അവരുടെയെല്ലാം ജീവിതകാലത്തെ ആകെ ഹൃദയമിടിപ്പുകളുടെ എണ്ണത്തിലാണ് ആ അത്ഭുതകരമായ സാമ്യം ഒളിഞ്ഞിരിക്കുന്നത്.

ജനിക്കുന്ന നിമിഷം തന്നെ പ്രകൃതി സസ്തനികൾക്ക് ഒരു പ്രത്യേക പ്രീപെയ്ഡ് കാർഡോ അല്ലെങ്കിൽ ഒരിക്കലും റീചാർജ് ചെയ്യാൻ കഴിയാത്ത ഒരു രഹസ്യ ബാങ്ക് അക്കൗണ്ടോ നൽകുന്നുണ്ടെന്ന് സങ്കൽപ്പിക്കുക. ഈ അക്കൗണ്ടിൽ ഏകദേശം ഒരു ശതകോടി അഥവാ നൂറ് കോടി ഹൃദയമിടിപ്പുകളാണ് ബാലൻസായി നൽകിയിരിക്കുന്നത്.
ബാലൻസ് തീരുന്നതുവരെ മാത്രമാണ് ഈ പ്രീപെയ്ഡ് അക്കൗണ്ട്‌ വാലിഡിറ്റി. ഒരു നിമിഷം പോലും വെറുതെയിരിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ കടിച്ചുതിന്ന് ഓടിനടക്കുന്ന ഒരു ചെറിയ ചുണ്ടെലി, അതിൻറെ ഹൃദയം മിനിറ്റിൽ ഏകദേശം അറുനൂറ് മുതൽ എഴുന്നൂറ് തവണ വരെയാണ് അതിവേഗം മിടിക്കുന്നത്. അതായത് പ്രകൃതി നൽകിയ ഈ വലിയ അക്കൗണ്ട് ബാലൻസ് അവ വളരെ വേഗത്തിൽ ചിലവാക്കി തീർക്കുന്നു.

ശരീരത്തിലെ കോശങ്ങളുടെ തേയ്മാനം വളരെ വേഗത്തിലാകുന്നതിനാൽ വെറും ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ അവയുടെ കാർഡിന്റെ വാലിഡിറ്റി അവസാനിക്കുന്നു. എന്നാൽ ഒട്ടും ധൃതിയില്ലാതെ കാട്ടിലൂടെ പതുക്കെ നടന്നുനീങ്ങുന്ന ഭീമാകാരനായ ആനയുടെ ഹൃദയം മിനിറ്റിൽ വെറും മുപ്പത് തവണ മാത്രമാണ് മിടിക്കുന്നത്. വളരെ സാവധാനം ഹൃദയമിടിപ്പുകൾ ചിലവാക്കുന്നത് കൊണ്ട് ആനകൾക്ക് അറുപതോ എഴുപതോ വർഷം വരെ യാതൊരു കുഴപ്പവുമില്ലാതെ ഈ അക്കൗണ്ട് ഉപയോഗിച്ച് ജീവിക്കാൻ സാധിക്കുന്നു.
വളരെ വേഗത്തിൽ ബാലൻസ് തീർക്കുന്ന എലിയും പതുക്കെ ചിലവാക്കുന്ന ആനയും തങ്ങളുടെ ജീവിതകാലത്ത് ഉപയോഗിച്ച ആകെ ഹൃദയമിടിപ്പുകളുടെ എണ്ണം പരിശോധിച്ചാൽ അത് ഈ ഒരു ശതകോടി എന്ന ശരാശരി സംഖ്യയിൽ എത്തിനിൽക്കുന്നത് കാണാം.

ഇതിന് പിന്നിൽ ഒരു ഭൗതികശാസ്ത്രമുണ്ട്. 1930 കളിൽ മാക്സ് ക്ലെബർ എന്ന ഗവേഷകൻ ജീവികളുടെ ശരീരഭാരവും അവയുടെ ഉപാപചയ നിരക്കും തമ്മിൽ വളരെ കൃത്യമായ ഒരു ബന്ധമുണ്ടെന്ന് കണ്ടെത്തി. ശരീരത്തിന് വലിപ്പം കൂടുമ്പോൾ ജീവികൾ ഊർജ്ജം ഉപയോഗിക്കുന്നതിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കുന്നു.
വലിയ ശരീരമുള്ള ജീവികളുടെ കോശങ്ങളിലേക്ക് ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ ഹൃദയത്തിന് അതിവേഗം മിടിക്കേണ്ട ആവശ്യമില്ല. വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വലിയൊരു ഫാക്ടറി പോലെയാണത്. എന്നാൽ ചെറിയ ജീവികൾക്ക് പെട്ടെന്ന് ചൂട് നഷ്ടപ്പെടും. അതുകൊണ്ട് ശരീരം എപ്പോഴും ചൂടായിരിക്കാനും ഊർജ്ജം നിലനിർത്താനും അവയ്ക്ക് എപ്പോഴും ഭക്ഷണം കഴിച്ചുകൊണ്ടേയിരിക്കണം. അവയുടെ കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് വിശ്രമമില്ലാതെ പമ്പ് ചെയ്യേണ്ടി വരുന്നു. അലോമെട്രിക് സ്കെയിലിംഗ് എന്നാണ് ഈ ഗണിതശാസ്ത്ര നിയമത്തെ ഗവേഷകര്‍ വിളിക്കുന്നത്.

ജീവികളുടെ രക്തക്കുഴലുകളുടെ ശാഖകൾ വികസിക്കുന്ന രീതി മുതൽ കോശങ്ങളിലെ ഊർജ്ജ വിതരണം വരെ പ്രകൃതിയുടെ ഈ നിയമം വളരെ കൃത്യമായി പാലിക്കുന്നുണ്ട്.
ഇതൊക്കെ കേൾക്കുമ്പോൾ സ്വാഭാവികമായും മനസ്സിൽ ഒരു വലിയ ചോദ്യം ഉയരും. മനുഷ്യരായ നാമും ഒട്ടും റീചാർജ് ചെയ്യാൻ കഴിയാത്ത ഈ ഒരു ശതകോടി മിടിപ്പുകളുടെ പ്രീപെയ്ഡ് കാർഡുമായി ജീവിക്കുന്നവരാണോ?
നമ്മുടെ ഹൃദയമിടിപ്പിന്റെ ശരാശരി നിരക്ക് മിനിറ്റിൽ എഴുപത് മുതൽ എൺപത് വരെയാണ്. ഇതുവെച്ച് കണക്കുകൂട്ടിയാൽ വെറും മുപ്പത് – നാല്പത് വയസ്സാകുമ്പോഴേക്കും മനുഷ്യരുടെ ഹൃദയമിടിപ്പുകളുടെ ആ അക്കൗണ്ട് ബാലൻസ് പൂർണ്ണമായും തീർന്നുപോകേണ്ടതാണ്.
ചരിത്രം പരിശോധിച്ചാൽ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യനും ഈ നിയമത്തിന്റെ പരിധിയിൽ തന്നെയായിരുന്നു എന്ന് കാണാം. എന്നാൽ നമ്മൾ മനുഷ്യർ പ്രകൃതിയുടെ ഈ വലിയ നിയമത്തെ വളരെ ബുദ്ധിപൂർവ്വം മറികടന്ന ഒരു അപവാദമായി മാറി.

മെച്ചപ്പെട്ട വൈദ്യശാസ്ത്രം, രോഗപ്രതിരോധത്തിനുള്ള വാക്സിനുകൾ, ശുദ്ധമായ കുടിവെള്ളം, സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ എന്നിവയിലൂടെ മനുഷ്യൻ ഈ ജൈവിക പരിമിതിയെ തോൽപ്പിച്ചു. ഇന്ന് മനുഷ്യർ ശരാശരി രണ്ടര ശതകോടി ഹൃദയമിടിപ്പുകൾ വരെ അനുഭവിക്കുന്നുണ്ട്. അതായത് മനുഷ്യൻ തങ്ങളുടെ പ്രീപെയ്ഡ് കാർഡിന്റെ വാലിഡിറ്റി ഒരുവിധം നീട്ടിയെടുത്തിട്ടുണ്ട്.
എങ്കിലും ഭൂമിയിലെ മറ്റ് സസ്തനികളെല്ലാം ഈ ഒരു ശതകോടി മിടിപ്പുകളുടെ താളത്തിലാണ് ഇപ്പോഴും ജീവിക്കുന്നത് എന്നത് നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.

സുരേഷ് കുട്ടി


By ivayana

Leave a Reply

Your email address will not be published. Required fields are marked *