രചന : വലിയശാല രാജു ✍️
പത്തൊൻപതാം നൂറ്റാണ്ടിലും അതിനു മുൻപും കേരളത്തിലെ നായർ സമുദായത്തിൽ നിലനിന്നിരുന്ന ബഹുഭർതൃത്വവും ‘സംബന്ധ’ സമ്പ്രദായവും പലപ്പോഴും വിദേശ സഞ്ചാരികളെയും പിൽക്കാല ചരിത്രകാരന്മാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. എന്നാൽ, കേവലം ഒരു ആചാരവൈചിത്ര്യമെന്ന നിലയിലോ കേവല ലൈംഗിക സ്വാതന്ത്ര്യമെന്ന നിലയിലോ കാണേണ്ട ഒന്നല്ല ഇത്. മറിച്ച്, അക്കാലത്തെ നായർ തറവാടുകളിൽ നിലനിന്നിരുന്ന തികച്ചും സവിശേഷമായ ഒരു സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തിന്റെയും സ്ത്രീകേന്ദ്രീകൃത കുടുംബഘടനയുടെയും സ്വാഭാവികമായ പ്രതിഫലനമായിരുന്നു അത്.
മനുഷ്യസമൂഹത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച ഫ്രെഡറിക് ഏംഗൽസ് ചൂണ്ടിക്കാണിച്ചതുപോലെ, ഏതൊരു സമൂഹത്തിലെയും കുടുംബബന്ധങ്ങളുടെയും ലൈംഗിക സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനം അവിടുത്തെ സാമ്പത്തിക വ്യവസ്ഥ തന്നെയാണ്. നായർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും അവരുടെ ജീവിതരീതിയെയും രൂപപ്പെടുത്തിയ പ്രധാന സാമ്പത്തിക-സാമൂഹിക പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
തറവാട് സ്വാഭാവികമായി നിലനിന്ന സോഷ്യലിസ്റ്റ് കമ്യൂൺ
പരമ്പരാഗത നായർ തറവാടുകൾ കേവലം രക്തബന്ധമുള്ളവരുടെ കൂട്ടായ്മ മാത്രമായിരുന്നില്ല. മറിച്ച്, ഒരു ചെറിയ സോഷ്യലിസ്റ്റ് കമ്യൂൺ പോലെയാണ് അവ പ്രവർത്തിച്ചിരുന്നത്.
തറവാടിന്റെ ഭൂമിയും സ്വത്തുക്കളും ഏതെങ്കിലും ഒരു വ്യക്തിയുടെ പേരിൽ മാത്രമായിരുന്നില്ല. പകരം, തറവാട്ടിൽ ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും ആ സ്വത്തിൽ തുല്യ അവകാശമുണ്ടായിരുന്നു. തറവാട്ടിലെ പൊതുവരുമാനത്തിൽ നിന്നാണ് ഓരോ അംഗത്തിനും ആവശ്യമായ ഭക്ഷണവും വസ്ത്രവും സംരക്ഷണവും ലഭിച്ചിരുന്നത്. തന്മൂലം, ഒരു സ്ത്രീക്ക് സ്വന്തമായി ജീവിക്കാനും മക്കളെ പോറ്റാനും ഭർത്താവിന്റെ സാമ്പത്തിക സഹായം ഒട്ടും ആവശ്യമായിരുന്നില്ല.
തറവാട്ടിലെ എല്ലാ അംഗങ്ങളും തങ്ങളാൽ കഴിയുന്ന അധ്വാനം പൊതുസ്വത്തിനായി നൽകുകയും, അതിൽനിന്ന് എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് സാമ്പത്തിക അന്തരീക്ഷമാണ് അവിടെ നിലനിന്നിരുന്നത്. ഈ സാമ്പത്തിക ഭദ്രതയാണ് പുരുഷാധിപത്യത്തിന് മുന്നിൽ മുട്ടുമടക്കാതെ നിൽക്കാനുള്ള സ്വാതന്ത്ര്യവും കരുത്തും നായർ സ്ത്രീകൾക്ക് നൽകിയത്.
സ്വകാര്യസ്വത്തിന്റെ അഭാവം ഭർത്താവിനോടുള്ള ആശ്രയമില്ലാതാക്കി.
ഏകഭർതൃത്വം (Monogamy) സ്ത്രീകളിൽ അടിച്ചേൽപ്പിക്കപ്പെടുന്നത് ചരിത്രപരമായി സ്വകാര്യസ്വത്തിന്റെ (Private Property) ഉദയത്തോടെയാണ്. പുരുഷന്റെ കയ്യിൽ സ്വത്ത് കേന്ദ്രീകരിക്കപ്പെടുകയും, അത് തന്റെ തന്നെ ചോരയിൽ പിറന്ന മക്കൾക്ക് കൈമാറണമെന്ന് അയാൾ ഉറപ്പുവരുത്താൻ ആഗ്രഹിക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീയുടെ ലൈംഗികതയ്ക്കു മേൽ കടുത്ത നിയന്ത്രണങ്ങൾ വരുന്നത്.
എന്നാൽ, നായർ തറവാടുകളിൽ പുരുഷന് സ്വന്തമായി സ്വത്ത് സൂക്ഷിക്കാനോ അത് സ്വന്തം മക്കൾക്ക് കൈമാറാനോ ഉള്ള അവകാശമുണ്ടായിരുന്നില്ല. സ്വത്ത് അമ്മ വഴി സഹോദരിയുടെ മക്കൾക്കാണ് ലഭിച്ചിരുന്നത് (മരുമക്കത്തായം). ഭർത്താവ് എന്നത് സ്ത്രീയുടെ തറവാട്ടിൽ വന്നുപോകുന്ന ഒരു ‘സന്ദർശകൻ’ മാത്രമായിരുന്നു. സാമ്പത്തികമായി ഭർത്താവിനെ ആശ്രയിക്കേണ്ടതില്ലാത്തതുകൊണ്ട് തന്നെ, വൈകാരികമായോ സാമൂഹികമായോ ഒരു പുരുഷനിൽ മാത്രം ഒതുങ്ങിനിൽക്കാൻ സ്ത്രീക്ക് യാതൊരു നിർബന്ധിതാവസ്ഥയും ഉണ്ടായിരുന്നില്ല.
മരുമക്കത്തായവും കുട്ടികളുടെ സംരക്ഷണവും
വംശാവഴിയും കുടുംബ മഹിമയും അമ്മ വഴി മാത്രമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. കുട്ടികൾ വളർന്നതും ജീവിച്ചതും അമ്മയുടെ തറവാട്ടിലായിരുന്നു. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും തറവാട്ടിലെ പൊതു സാമ്പത്തിക വ്യവസ്ഥയുടെയും അമ്മാവന്മാരുടെയും ചുമതലയായിരുന്നു. തൻമൂലം, കുട്ടികളുടെ പിതാവ് ആരെന്ന് വ്യക്തമായി തിരിച്ചറിയേണ്ട സാമ്പത്തിക ബാധ്യതയോ പാരമ്പര്യ ആവശ്യങ്ങളോ അന്നു നിലനിന്നിരുന്നില്ല. ഇത് ഒന്നിൽ കൂടുതൽ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം സ്ത്രീക്ക് നൽകി.
സംബന്ധം: സ്വാതന്ത്ര്യമുള്ള സാമൂഹിക കരാർ
നായന്മാർക്കിടയിലെ സംബന്ധം എന്നത് ഇന്നത്തെപ്പോലെ കടുപ്പമേറിയ നിയമങ്ങളോ മതപരമായ ആചാരങ്ങളോ നിറഞ്ഞ ആജീവനാന്ത ബന്ധമായിരുന്നില്ല. അത് പരസ്പര സമ്മതത്തോടെയുള്ള അയഞ്ഞ ഒരു കരാറായിരുന്നു. പൊരുത്തക്കേടുകൾ കണ്ടാൽ അനായാസം വേർപിരിയാനും പുതിയൊരു പങ്കാളിയെ സ്വീകരിക്കാനും ഇരുപക്ഷത്തിനും അവകാശമുണ്ടായിരുന്നു. സാമ്പത്തികമായി സ്ത്രീ സ്വന്തം കാലിൽ നിലകൊണ്ടതിനാൽ, ഒരു ബന്ധം വേർപിരിയുന്നത് അവളെ നിരാശ്രയയാക്കുകയോ തെരുവിലിറക്കുകയോ ചെയ്തില്ല.
ചുരുക്കത്തിൽ, കേരളത്തിലെ നായർ സ്ത്രീകൾ ഒന്നിൽ കൂടുതൽ പുരുഷന്മാരെ സ്വീകരിച്ചത് വ്യക്തിപരമായ താത്പര്യങ്ങൾക്കപ്പുറം, അക്കാലത്ത് നിലനിന്നിരുന്ന തറവാട് എന്ന പൊതു സ്വത്ത് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സാമ്പത്തിക ഘടനയുടെയും സ്വാഭാവികമായ ഫലമായിരുന്നു. പിൽക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്റെ കടന്നുവരവോടെ സ്വകാര്യസ്വത്തവകാശം നിയമവിധേയമാകുകയും, തറവാടുകൾ വീതംവെക്കപ്പെടുകയും ചെയ്തതോടെയാണ് ഈ പഴയ സാമ്പത്തിക വ്യവസ്ഥ തകരുന്നത്. അതിനോടൊപ്പം നായർ സമുദായവും മാതൃദായക്രമം കൈവിട്ട് ഏകഭർതൃത്വത്തിലേക്കും പുരുഷാധിപത്യ കുടുംബഘടനയിലേക്കും മാറുകയായിരുന്നു.
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സോഷ്യലിസ്റ്റ് ചിന്താഗതി ശക്തമാകുന്നതിനും കാരണവും ഒരു പരിധി വരെ നായർ സമുദായത്തിൽ നില നിന്ന മരുമക്കത്തായം സമ്പ്രദായം തന്നെയാണ്.

