പുലർമഞ്ഞുവീണൊരാ
പാതയോരത്തെന്നെ മാറോടണച്ചെന്നമ്മ ചൊല്ലി
ഇനിയുമൊരു ജന്മത്തിൽ കണ്ടുമുട്ടാമുണ്ണി
അതിനായി ജനിച്ചീടാം മറ്റൊരിക്കൽ
ഈ ജന്മമാവില്ല നിന്നമ്മയാം നിരാലാംബ
ഞാനാം പെണ്ണൊരു പാഴ്ജന്മമായ്
കൗമാരത്തിൻ ചാപല്യമറിയാതെ
അന്നു ഞാൻ തള്ളിപറഞ്ഞുപോയി ഉറ്റവരെയും
സ്നേഹിച്ചു ഹൃദയം പറിച്ചു നൽകിയോനെന്നെ
തനിച്ചാക്കി യാത്രയായി
ഇന്നുഞാൻ തനിച്ചായി ഈ ഭൂവിലേകയായ്
കൂട്ടിനോ ബാക്കിയായ് നൊമ്പരങ്ങൾ
മധുരമാം ഓർമ്മകളും നീയെന്ന സത്യവും
ഏങ്ങലടിക്കുന്നെൻ ഹൃത്തിലായ്
ആരോരുമില്ലാത്തവളെ പിടികൂടി
വിഷാദമാമൊരു രോഗം എന്നേക്കുമായി
ആവില്ലയെൻ കുഞ്ഞേ സാധ്യമല്ലൊരു
മടങ്ങിവരവെൻ ജീവിതത്തിൽ
വളരുക നീയീ ഭൂമിതൻ മാറിലായി
എങ്ങനെ എന്തെന്നറിയില്ലല്ലോ
എങ്കിലും ഓർക്കുക അച്ഛനുമമ്മയുമാണീയുലകിൽ
ദൈവങ്ങൾ സ്നേഹിക്കയവരെ എക്കാലവും
ഒരുനുള്ളു കരുണസൂക്ഷിക്കുക ഹൃദയത്തിലായ്
മാനവനന്മക്കായ് വർത്തിക്കുക നീ
സ്നേഹമല്ലാതെ മറ്റൊന്നുമില്ലയീയമ്മക്കു
നൽകുവാൻ എന്നുണ്ണിക്കായ്
കാത്തിരിക്കാം ക്ഷമയോടെ
മറ്റൊരു ജന്മം പിറവിയെടുത്തിടാം
ഞാൻ നിന്നമ്മയായൊരു നാൾ

By ivayana

Leave a Reply

Your email address will not be published. Required fields are marked *