രചന : യൂനസ് മണത്തല ✍️
ഞാൻ ഒരു ചെരിപ്പ് മാത്രമല്ല
നിൻ്റെ കാലുകൾക്കടിയിൽ
നിശ്ശബ്ദമായി ജീവിച്ച
ഒരു കൂട്ടുകാരൻ
ചൂടേറ്റ വഴികളിൽ
നീ പൊള്ളാതിരിക്കാൻ
കരിഞ്ഞത് പലപ്പോഴും ഞാനായിരുന്നു
നിൻ്റെ വിശപ്പും ക്ഷീണവും
നിന്നോടൊപ്പം അറിഞ്ഞത്
ഞാനാണ്
മഴ നനഞ്ഞ രാത്രികളിലും
തളർന്ന യാത്രകളിലും
വീഴാതെ നിന്നെ പിടിച്ചു നിർത്താൻ
ശ്രമിച്ചത് ഞാനായിരുന്നു
പലരും വഴിമാറിപ്പോയപ്പോഴും
പൊട്ടിയ തുന്നലുകളോടെ പോലും
നിന്നെ വിട്ടുപോകാതെ
കൂടെ നടന്നത് ഞാനാണ്
നിൻ്റെ കണ്ണീരിന്റെ ഉപ്പും
സ്വപ്നങ്ങളുടെ ഭാരവും
നിന്നോടൊപ്പം ചുമന്നത്
ഞാനാണ്
ഒരിക്കൽ നീ ഉയരങ്ങളിൽ എത്തുമ്പോൾ
എല്ലാവരും നിൻ്റെ വിജയത്തെ നോക്കും
പക്ഷേ ഓർക്കണം
നിൻ്റെ ജീവിത വഴികളുടെ വേദന
നിന്നോടൊപ്പം ആദ്യം അറിഞ്ഞത്
നിൻ്റെ കാലടിയിലെ
നിശ്ശബ്ദ കൂട്ടുകാരനായ
ഞാനായിരുന്നുവെന്ന്

