രചന : മരിയ തോപ്പിൽ..✍️
മൂകമായിരിക്കുക
ഒരു ശബ്ദകോശത്തെപ്പോലെ. വിജ്ഞാനത്തിന്റ
അനന്തവിഹായസ്സിൽ
നിന്നെ തേടിവന്ന്
നിന്റെ
ഹൃദയത്താളിന്റെ
ഏട് മറിക്കുന്നവർക്ക്
നീ അർത്ഥങ്ങളുടെ
അമൃത് പകരുക…
ആരായാത്തവന് മുന്നിൽ
വാചാലനാകാതെ,
വാഞ്ഛിക്കുന്നവനു മാത്രം വഴിവിളക്കാകുക!
നിൻ
മന്ദഹാസത്തിൻ
ലോലഭാവങ്ങൾ
അഖിലർക്കായ് നീ
ചൊരിഞ്ഞിടരുതേ…
ചിലർ
അസഹിഷ്ണുത മൂത്ത്
നിന്റെ വീഥികളിൽ
ഇരുളായ് പടരാം,
നിനക്കായി അവർ
കുതന്ത്രങ്ങൾ മെനയാം.
മരണത്തോളം
നോവിച്ച
മനുഷ്യരെയും,
ഓർമ്മകളിൽ നമ്മെ
ഏകാന്തതയിലേക്ക്
തള്ളിയിട്ട ഇടങ്ങളെയും…
വിസ്മൃതിയുടെ
വാരിധിയിലേക്ക്
ഒഴുക്കിവിടണം.
