നല്ല നിറമുള്ള രാവുകൾ
അതിലില്ല പൊഴിയുന്ന പൂവുകൾ
തങ്ക നിറമുള്ള കനവുകൾ
അതിലില്ല കരിയുന്ന കാടുകൾ.
ഇമ്പമേറുന്ന മലരുകൾ
അതിലുണ്ട് നോവിൻ്റെ കനലുകൾ
ചന്തമൂറുന്ന പകലുകൾ
അതിലുണ്ട് സൂര്യൻ്റെ പൊൻകതിർ.
വെള്ളി നിഴലാർന്ന ചോലകൾ
അതിലില്ല പ്രാണൻ്റെ ഓർമ്മകൾ
മഞ്ഞ നിറമാർന്ന പാതയിൽ
മറയുന്നു കാലത്തിൻ പൊയ്മുഖം.
വെള്ള കീറിയ മതിലിനപ്പുറം
വേച്ചു പോയിയെൻ ബാല്യവും
വേവു തീർന്നുള്ള കുടിലിനപ്പുറം
മാഞ്ഞു പോയ കൗമാരവും.
മന്ദമാരുതൻ തൊട്ടുരുമ്മിയ
മന്ദഹാസമാം മോഹമേ
മാന്തളിരിൻ്റെ മാർദ്ധവമുള്ള
മകര രാവിൻ്റെ ഈറനേ.
മധുവിധുവെന്ന രാവിനപ്പുറം
മരണമല്ലെയീ നാടകം
മാറ്റുവാൻ ആവതില്ലാത്ത
തീക്കടലിൻ്റെ ബന്ധനം.
ഇരവുപകലുകൾ പോയ്മറയുന്നു
എവിടെ നീയെൻ്റെ സ്നേഹിതാ
വരിക നീയെൻ്റെ ഹൃത്തിലാകെയും
സാന്ത്വനത്തിൻ്റെ കുളിരുമായ്
ഇരുളുമൂടിയ വഴിയിലെങ്ങും
താങ്ങി നിർത്തിയ കൈകളേ
രക്തമെല്ലാം ചുവന്നതാണെന്ന്
ചൊല്ലി തന്ന മൊഴികളേ.
ജാതിയില്ല മതങ്ങളില്ലയീ
സൗഹൃദമെന്ന വഴിയില്
ജാലകങ്ങളാകെയും
തുറന്നിടുന്നൊരു പൊരുളിത്.
അരുതാത്ത കാര്യങ്ങൾ
അരുതെന്ന് പറഞ്ഞു
അറിയാത്ത ലോകത്തേ
ക്കന്നു നീ മാഞ്ഞു
അളവുകൾ തിരിച്ചു തന്നു
അതിരുകൾ കിഴിച്ചു തന്നു
പ്രിയ കൂട്ടുകാര മറക്കില്ല നിന്നെ.
നല്ല നിറമുള്ള രാവുകൾ
അതിലില്ല പൊഴിയുന്ന പൂവുകൾ
തങ്ക നിറമുള്ള കനവുകൾ
അതിലില്ല കരിയുന്ന കാടുകൾ.

ഷാനവാസ് അമ്പാട്ട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *