രചന : ജയശ്രീ രാജേഷ് ✍
ഓരോ ദിവസവും നഗരം
വിരലടയാളങ്ങൾ ശേഖരിക്കുന്നു,
യന്ത്രങ്ങൾ
മുഖങ്ങൾ തിരിച്ചറിയുന്നു ,
വിരലുകൾ
സ്ക്രീനുകളിൽ പേരെഴുതുന്നു,
കണക്കുകൾക്കുള്ളിൽ
മനുഷ്യർ കൃത്യമായി
ഹാജരാകുന്നു . . .
അയൽവീട്ടിലെ നിലവിളിക്ക്
മാത്രം ഒരു ബയോമെട്രിക്
സംവിധാനവുമില്ല;
വിശന്നുറങ്ങുന്ന ബാല്യത്തിന്
ഒരു ഓൺലൈൻ രജിസ്റ്ററുമില്ല;
ആൾക്കൂട്ടത്തിൽ
തനിച്ചായിപ്പോയവരുടെ
വേദനകൾക്ക്
ഒരു കോളവും
നീക്കിവെച്ചിട്ടില്ല . . .
എല്ലാവരും തിരക്കിലാണ് – സ്വന്തം ജീവിതത്തിൽ
സാന്നിധ്യം തെളിയിക്കാൻ ;
പക്ഷേ, മറ്റൊരാളുടെ
ജീവിതത്തിൽ നമ്മൾ
അവസാനമായി എന്നാണ്
ഹാജർ വെച്ചത് . . .?
ലോകം നമ്മുടെ സാന്നിധ്യം
അക്കങ്ങളിൽ അടയാളപ്പെടുത്തുമ്പോൾ,
ഒരാളുടെ ജീവിതത്തിൽ
നമ്മളൊരു ചെറിയ
വെളിച്ചമായെങ്കിലും
ഹാജർ വെച്ചിട്ടുണ്ടോ . . .?
അതോ, നമ്മൾ
ജീവിച്ചിരുന്നുവെന്നതിന്
കാലത്തിന്റെ രജിസ്റ്ററിൽ
ഒരു പേരുമാത്രം
ബാക്കിവെച്ചാണോ
മടങ്ങിപ്പോകുന്നത് . . .!!
ചില ഹാജറുകൾ രജിസ്റ്ററിൽ മാത്രമാണ്; ചിലത് മറ്റൊരു ഹൃദയത്തിൽ മായാത്ത അടയാളമായി ശേഷിക്കുന്നു . . . ❤️

