രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️
ഇന്നലെകളുടെ തീരങ്ങളിൽ
ഓർമ്മത്തിരകൾ വന്നുപോയി…
വിശപ്പിൻ കയ്പ്പും നെഞ്ചിലേറ്റി
കണ്ണീർപ്പുഴയും നീന്തിപ്പോയി…
പട്ടിണിതൻ രാത്രികളിൽ
പകലുകളെല്ലാം കനലുകളായി…
താങ്ങാനൊരു കൈയില്ലാതെ
തനിച്ചുനിന്ന നാളുകളായി…
വീണുപോയ വഴികളിൽനിന്ന്
വീണ്ടുമെഴുന്നേറ്റു നടന്നു…
ഇരുളിലൊരു നുറുങ്ങുവെട്ടം തേടി
ദൂരെയെങ്ങോ അലഞ്ഞുനടന്നു…
കാലം തന്ന മുറിവുകളെ
പുഞ്ചിരികൊണ്ടു മൂടിവെച്ചു…
ഉള്ളിലാളും നൊമ്പരങ്ങളെ
ഉള്ളിലൊതുക്കി നടന്നുപോയി…
എങ്കിലും ചില ഓർമ്മകൾ
തിരകളായി മടങ്ങിവരും…
മറവിതൻ മണൽപ്പരപ്പിൽ
മായാത്ത പാടുകൾ തീർക്കും…
എല്ലാ തിരയും തീരമണയില്ല,
ചിലത് മൗനമായ് മടങ്ങും…
ആരുമറിയാ വിങ്ങലായി
ആഴങ്ങളിൽ അവ തങ്ങും…
ഇന്നും തിരകൾ വന്നിടുമ്പോൾ
തളർന്നുവീഴില്ലീ മനസ്സ്…
എത്ര കൊടുങ്കാറ്റു വീശിയാലും
അണയാത്തൊരു ദീപമുണ്ട്…
തിരകൾ തല്ലിത്തകർത്താലും
തീരമണയുംവരെ നീന്തും…
തോൽവികൾ വഴി മുടക്കിയാലും
തളരാതെ മുന്നോട്ടുപോകും…
ജീവിതമെന്ന മഹാസാഗരം
ചിരിയോടെ ഞാൻ താണ്ടും…
അവസാന തിരയും അടങ്ങുംവരെ
പ്രതീക്ഷയോടെ ഞാൻ നീന്തും…

