ഒറ്റക്കിരുന്ന്
കൊച്ചു മറിയ
കഥയെഴുതി.
‘തിരസ്കൃതർ ‘
മെഴുതിരിനാളം
സാക്ഷിയായ് സത്യവേദ-
പുസ്തകം തൊട്ടു
പ്രതിജ്ഞ ചൊല്ലിയാണ്
സുന്ദരിവധുവായ്
പതിയെ സ്വയം വരിച്ചത്….
‘ ദു:ഖത്തിലും… ദാരിദ്ര്യത്തിലും
‘ആരോഗ്യത്തിലും….
അനാരോഗ്യത്തിലും
സന്തോഷത്തിലും
സന്താപത്തിലും
മരണംവരേയും….
ഒരുമിച്ചു തന്നെ…..
ഒരു മനമായ് …
മാത്രമീ യാത്ര….’ എന്ന്.
നൊന്തുപെറ്റ മക്കളഞ്ചും
അരികിലില്ലാത്ത
പാവമമ്മ
അൾഷിമേഴ്സ്
ബാധിച്ചൊരപ്പനെ
പരിചരിച്ചു പരിചരിച്ചു
നടു വളഞ്ഞ്
വേച്ചുവേച്ചു ചുടുവെള്ളം
അടുപ്പത്ത് നിന്നെടുത്ത്
പാകമാക്കി
കുളിപ്പിച്ചു തോർത്തി
കുപ്പായമിടുവിച്ച്
ചോറെടുത്തു വരാൻ
തിരിഞ്ഞു പോയി
തിരികെയെത്തുമ്പോഴപ്പൻ
മുട്ടി മുട്ടി നില്ക്കും മലം
വലതുവിരൽ കൊണ്ടു
തോണ്ടിത്തോണ്ടിയെടുത്തു
കുപ്പായത്തിൽ തുടച്ചു
ചിരിച്ചിരിക്കുന്നു
സ്നേഹം
തുള്ളിത്തുളുമ്പും ചിരി.
നാറ്റത്തിന്റെ
പൊറുതികേടിലമ്മ
ഓക്കാനിക്കാൻ
പോലുമാവാതെ
നൊണ്ടി വന്ന്
തലതാങ്ങി
നിലത്തിരുന്നു.
പിന്നെയാണ്
പോലീസു വണ്ടി
വന്നു നിന്നതും
അമ്മയെ പിടിച്ചു
ജയിൽ മുറിയിലിട്ടടച്ചതും.
കഴുത്തുഞെരിഞ്ഞാണപ്പൻ
ബോധരഹിതനായ്
വീണതെന്ന്
വെറും
കാഴ്ചക്കാരായ നാട്ടുകാർ ;
സഹിച്ചു സഹിച്ചമ്മക്ക്
മതികെട്ടതാണെന്ന
സമർത്ഥമായ
ഗണിത ക്രിയ
എളുപ്പത്തിൽ
പൂർത്തിയാക്കിയോരവർ.
അമ്മക്കാകെയുള്ള
തിരുശേഷിപ്പ്…
നേർത്ത താലിമാലയും
പറിച്ചെടുക്കാൻ
തുറന്നിട്ട വാതിൽ
നൂണ്ടെത്തിയ വിശ്വസ്ത
യുവസുന്ദരൻ
അമ്മയെ
തൊട്ട പോതിലാണപ്പൻ
ക്രുദ്ധനായ് ഓർമ്മയി –
ലുണർന്നതെന്നും
ക്രൂരമായ്
അമേദ്യ കയ്യാൽഞെരുക്കി
പൊത്തിപ്പിടിച്ചതെന്നും
അടിപിടിയിലാണപ്പൻ
വീണു പോയെതെന്നും
സുന്ദരൻ വിജയിയായ് മറഞ്ഞുപോയതെന്നും
അമ്മ ദീനദീനമായ്
കരഞ്ഞതത്രയും
പരിചിത
മന:ശാസ്ത്ര കഥയായ്
കാറ്റിൽ പറന്നു
“പാവം….
സഹിച്ചു സഹിച്ചമ്മയ്ക്ക്
മതികെട്ടുപോയതാണെടോ
മക്കളൊക്കെ
സുഖം തേടിപ്പോയതാണെടോ…”
തടവറച്ചുമരിൽ
ചാരിയിരുന്നമ്മ
വ്യർത്ഥമായ്
പിറുപിറുത്തു.
‘പാവം….ആരെങ്കിലും അപ്പനെ
വൃത്തിയാക്കിയോ…. ആവോ
ചോറു കൊടുത്തുവോആവോ
അമ്മയെ വിളിച്ചു കാണാതെ
പാവം പരിഭ്രമിച്ചു
കരയുന്നുണ്ടാവുമോ ആവോ
കാണാനാരുമില്ലാതെകണ്ണീർ
കവിൾ
നനച്ചൊഴുകുന്നുണ്ടായിരിക്കും’

By ivayana

Leave a Reply

Your email address will not be published. Required fields are marked *