രചന : വൈഗ ക്രിസ്റ്റി ✍️
എല്ലാം നിനക്കെന്നെഴുതി വച്ചിരിക്കുന്ന
പ്രിയപ്പെട്ട കടലേ
ഞാൻ നിന്നെ വെറുക്കുന്നു
നിൻ്റെ ,
അധികാരത്തിൻ്റെ കൂർത്ത മുനകൾ
മറച്ചു വച്ചിരിക്കുന്ന
പ്രിയങ്കരമായ സ്നേഹത്തെ
അത്രയ്ക്കും
സ്നേഹപൂർവ്വം
ഞാൻ വെറുക്കുന്നു
നിഗൂഢതകൾക്കു മേൽ
കാവലിരിക്കുന്ന ,
നിൻ്റെ സ്നേഹത്തിൻ്റെ
ഉപരിതലത്തിലൂടെ മാത്രമുള്ള
യാത്രയെ ഞാൻ വെറുക്കുന്നു.
എൻ്റെ പ്രിയപ്പെട്ട മരുഭൂമിയേ
നിൻ്റെ മോഹന വാഗ്ദാനങ്ങളെ
ഞാൻ
വെറുക്കുന്നു
മുന്നിലെവിടെയോ
കുളിർമയുണ്ടെന്നുള്ള
നിൻ്റെ പ്രണയത്തിൻ്റെ
മുഖംമൂടിയെയും
അത്രമേൽ എനിക്ക് വെറുപ്പാകുന്നു
എനിക്കെത്രയും പ്രിയങ്കരനായ
ആകാശമേ
ഞാനിതാ
നിന്നെയത്രയും
വെറുക്കുന്നു
രണ്ടു ചിറകിൻ്റെ ബലമുണ്ടെങ്കിലെന്ന് ,
അനന്തമായ സ്വാതന്ത്ര്യം കാട്ടി
എന്നെ കൊതിപ്പിച്ച
നിൻ്റെ
സൗഹൃദത്തെയും
അത്രമേൽ വിലമതിക്കുകയാൽ
ഞാൻ നിന്നെ വെറുക്കുന്നു
എനിക്കെന്നിലേക്കൊന്നാഴ്ന്നിരിക്കാൻ
എനിക്ക്
കടലോളം സ്വാർത്ഥത…
മരുഭൂമിയുടെ പ്രതീക്ഷ…
ആകാശത്തിൻ്റെ സ്വാതന്ത്ര്യം …
ഒന്നും ,
ഒന്നുമിനി തരാതിരിക്കുക
എന്നെ
ഞാനായിരിക്കുവാൻ
വിട്ടേക്കുക

