രചന : അൻസൽന ഐഷ ✍
പാഠം ഒന്ന്..
കാലാവധിവെച്ച്
കൂട്ടുകൂടാൻവരുന്നവർ നമ്മെ
പഠിപ്പിക്കുന്നൊരു പാഠമുണ്ട്.
തിരിച്ചറിഞ്ഞിട്ട്, വീണ്ടുംവീണ്ടും
പറ്റിക്കപ്പെടാൻ നിന്നുകൊടുത്തിട്ട് വെറുതെയിരുന്ന് മോങ്ങിയാൽ
ഒരു പട്ടിക്കുറുക്കൻപോലും
സഹായിക്കാൻ
കൂടെയുണ്ടാവില്ലയെന്ന്.
പാഠം രണ്ട്
നിനക്ക് നിന്നെത്തിരിച്ചറിയാൻ
മറ്റൊരാളുടെ അഭിപ്രായത്തെ
കൂട്ടുപിടിക്കരുത്.
കാരണം, നിനക്ക്
നിന്നെയറിയുംപോലെ
മാറ്റാർക്കറിയാൻ കഴിയും.
പാഠം മൂന്ന്
ഓരോ മനുഷ്യനും
വ്യത്യസ്തനാണ്
എന്നതുപോലെത്തന്നെ
ആശയാദർശങ്ങളും
വിഭിന്നമായിരിക്കെ,
ഞാൻ
നിന്നെപ്പോലെയാകണമെന്ന്
വാശിപിടിക്കരുത്.
പാഠം നാല്
ജീവിതമൊന്നേയുള്ളൂ.
അതു ജീവിച്ചുതന്നെ
തീർക്കണമെന്നിരിക്കേ,
മൈക്കു പിടിച്ച്
മോട്ടിവേഷൻ വിതറുന്നവരുടെ
വാക്കുകൾ
അർഹിക്കുന്ന പ്രാധാന്യത്തോടെ
നിരസിക്കാനും
വേണ്ടുന്നതുമാത്രം
ഉൾക്കൊള്ളാനും
പഠിക്കണം.
പാഠം അഞ്ച്
എന്തൊക്കെപ്പറഞ്ഞാലും
അകാരണമായ പേടി
മനസ്സിൽ നിറഞ്ഞാൽ
അതിനെ തരണംചെയ്യാൻ
നാം സ്വയം
പാകപ്പെടുംപോലെ
മാറ്റാരെക്കൊണ്ടും മാറ്റിയെടുക്കാൻ
പറ്റില്ലയെന്ന തിരിച്ചറിവുതരുന്നൊരു
ആർജ്ജവം
വിജയത്തിലേക്കുള്ള
ഒന്നാമത്തെ ചവിട്ടുപടിയാണെന്ന്
ഓർത്താൽമതി.
പാഠം ആറ്
ജീവിതപ്പാതയിൽ
കൂട്ടുകൂടാൻവരുന്ന പലരും
ഓരോരോ പാഠങ്ങൾ
തരാൻ വരുന്നവരാണ്.
സ്വന്തം കാര്യസാധ്യത്തിനുവേണ്ടി
നമ്മോടൊപ്പം
കൂടുന്നവർ നന്മയുടെ
അവതാരങ്ങളല്ലെന്ന്
എന്നുതിരിച്ചറിയുന്നുവോ
അപ്പോൾമുതൽ അകൽച്ചയുടെ
ആരംഭംകുറിക്കാൻ
ശ്രമിക്കണം.
ഒരു പക്ഷേ, പെട്ടെന്നിറങ്ങിപ്പോരാൻ കഴിയില്ലയെങ്കിലും
മനസ്സ് ജാഗ്രതപുലർത്താൻ
ശ്രദ്ധിക്കണം.
വേറൊന്നിനുമല്ല
ഇനിയും പറ്റിക്കപ്പെടാൻ
നിന്നുകൊടുക്കരുതെന്ന്
മുന്നറിയിപ്പു കൊടുക്കാൻ.
പാഠം ഏഴ്
വിത്തിട്ടയുടനെ വിളവെടുക്കാൻ
കഴിയില്ലയെന്ന ലോകതത്വംപോലെ
ഏതൊരു പ്രവൃത്തിക്കും
അതു നന്മയായാലും
തിന്മയായാലും
സമയബന്ധിതമായിത്തന്നെ
മറുപടി കിട്ടിയിരിക്കും.
” ഓരോ പ്രവർത്തനത്തിനും
തുല്യവും വിപരീതവുമായ ഒരു
പ്രതിപ്രവർത്തനമുള്ളതുപോലെ “
പാഠം എട്ട്
എത്ര കിട്ടിയാലും
ഞാൻ നന്നാവില്ലയെന്ന്
മനസ്സ് വെറുതെ വാശിപിടിച്ചാൽ…
എത്ര പാഠം പഠിപ്പിച്ചാലും
ആരുമൊന്നും
പഠിക്കില്ലന്നേ..

