രചന : സന്തോഷ് കുമാർ ശ്രാവണം ✍️
മരണത്തിനും, ജീവനത്തിനുമിടയിൽ
അയാൾ കിടക്കുകയായിരുന്നു…
സ്ഫടിക ഭരണിക്കകത്തു കിടക്കുന്ന
അലങ്കാര മത്സ്യത്തെ പോലെ!
ഒരു വ്യത്യാസം, മത്സ്യം ചലിക്കുന്നു,
അയാൾ കിടക്കുന്നു!
കാഴ്ച കാണാൻ
ഐ സി യു വിനുവെളിയിൽ
ഗ്ലാസ്സിലൂടെ നോക്കി
അയാളുടെ മക്കളും
ചെറുമക്കളും!
അക്വേറിയത്തിലെ –
അലങ്കാര മത്സ്യത്തെ,
അതിൻ്റെ സൗന്ദര്യം,
ആസ്വദിക്കാനേ പറ്റൂ!
സ്പർശിക്കാനാവില്ലല്ലോ !
യഥാസ്തു, അയാളും!
സ്ഫടിക ഭരണിക്കകത്തെ മത്സ്യം!
അയാൾക്ക് ജീവനുണ്ടെന്ന്,
അയാൾക്ക് ചുറ്റും ,
ഒരുക്കിയ ഉപകരണങ്ങൾ –
ശബ്ദങ്ങളിട്ടറിയിക്കുന്നു.
ശ്വാസമുണ്ടെന്നറിയാൻ –
അടുത്തുള്ള സ്ഫടിക ഭരണിയിലെ –
ജലത്തിലൂടെ കുമിളകൾ മാത്രം!
അക്വറിയത്തിലെ മത്സ്യത്തെ,-
ഓർമ്മിപ്പിക്കുവാനെന്നവണ്ണം-
ഒന്നുമറിയാതെ അയാൾ!
സ്ഫടികമുറിയിലെ കാഴ്ചവസ്തു!
എപ്പോൾ വേണമെങ്കിലും-
മറന്നു പോകാവുന്ന,
ബന്ധത്തിൻ്റെ നരച്ച ചിത്രം!
ഐ സി യു വിനു –
വെളിയിലുള്ളവർക്ക് !
“ഇനിയാരെങ്കിലും കാണാൻ?!”
അകത്തു നിന്നും വാതിൽ-
തുറന്നു വന്ന ഡോക്ടർ-
അവരോടായ്….?!
മൗനത്തിൻ്റെ നീണ്ട-
ഇടനാഴിയിൽ, സമയമറിയാതെ,-
ഒരു പല്ലി ചിലച്ചു!
വെളിയിലെ പേരമരചില്ലയിലിരുന്ന് –
ഒരു ബലികാക്ക കരഞ്ഞു…
“ചാവുന്നതിനു മുൻപെനിക്കിറ്റു – വറ്റുതരൂ ,നീരും, –
ചാവു ചോറ് തരാതെ”
ആ കരച്ചിലനർത്ഥം , –
ഒരു പക്ഷെ അതായിരിക്കാം?!
വീണ്ടും ഐസിയുവിൻ്റെ ചില്ല്
വാതിലു തുറക്കുകയും –
പിന്നെ അടയുകയും ചെയ്തു.
പേരമരചില്ലയിലെ ബലികാക്ക-
ദൂരങ്ങളിലേക്ക് പറന്നു പോയി
മൗനത്തിൻ്റെ ഇടനാഴിയിൽ –
“സത്യമെന്ന് “പല്ലിയുടെ –
വാമൊഴി പരലു ചിതറി !
ഇപ്പോൾ, ഐ സി യു വിനുള്ളിലെ-
ഉപകരണങ്ങളുടെ –
കോലാഹലങ്ങൾ അടങ്ങി!
വെള്ള പുതച്ചയാൾ –
നിവർന്നു കിടന്നു!
ഇതൊന്നും വേണ്ടിയിരുന്നില്ലാ,-
ഇതിനായിട്ടെന്നവണ്ണം,
നിസ്സഹായനായിട്ട്,-
എടുത്തതെല്ലാം ഇവിടെയിട്ടെന്ന –
മട്ടിൽ കൈപ്പത്തികൾ-
നെഞ്ചോടു ചേർത്ത്-
വെള്ള തുണിക്കടിയിൽ!
അപ്പോഴും, അക്വേറിയത്തിലെ –
അലങ്കാര മത്സ്യത്തെ,
ആശ്ചര്യത്തോടെ –
കാണാനെന്ന പോലെ –
കുഞ്ഞിക്കണ്ണുകൾ വിടർത്തി –
നോക്കുന്നുണ്ടായിരുന്നു,
അയാളാരെന്നു പോലും –
അറിയാൻ പറ്റാത്ത –
അയാളുടെ ബന്ധത്തിൻ്റെ –
കുഞ്ഞു രൂപങ്ങൾ!
