രചന : വാസുകി ഷാജി ✍️
എന്റെ വീടിന്റെ മുറികൾ ഇപ്പോൾ
രണ്ടു ധ്രുവങ്ങളാണ്
ഒന്നിൽ ആഫ്രിക്കൻ
വംശജരും
മറ്റൊന്നിൽ അമേരിക്കൻ
പടയാളികളുമാണ്
ചില നേരങ്ങളിൽ ഇവർ രണ്ടുകൂട്ടരുമൊന്നിച്ചു
വിശാലമായ മേശക്കരുകിൽ
കണ്ടു മുട്ടേണ്ടി വരും
അപ്പോഴൊക്കെ
വീട്ടിലെ പാത്രങ്ങളും,
സ്പൂണുകളും
കാരണമില്ലാതെ ഒച്ച വയ്ക്കും
വീട്ടിലെ ഒറ്റ കുളിമുറിയും
കാലുരച്ചു കഴുകുന്ന കല്ലും
അടുപ്പിന്റെ ഒഴിവും
കാത്ത് ചില നേരം
ചില രാജ്യക്കാർ
മാറി നിൽക്കേണ്ടി വരും
മഴ നനഞ്ഞു പോകുന്ന
ഒരു രാജ്യത്തിലെ തുണികൾ
ആഞ്ഞടക്കുന്ന
മറു രാജ്യത്തിലെ കതകുകൾ
തലയുയർത്തി മുഖത്തോട്ടു
നോക്കാത്ത ഭരണകർത്താക്കൾ
വീട്ടിലെ ചിലവുകളെ
വിരലിലെണ്ണി വീതം വയ്ക്കുന്ന
ഭരണതന്ത്രങ്ങൾ
പരസ്പരം
ചോര ചിന്താതെയും
യുദ്ധം ചെയ്യാമെന്നകുടിലതന്ത്രം
പറഞ്ഞു കൊടുത്ത്
കണ്ടു രസിക്കുന്ന
അടുത്ത ബന്ധുക്കൾ..
അല്ലെങ്കിലും
ചില വീടുകൾ
ശത്രുരാജ്യമാണല്ലോ
എന്റെ വീട് പോലെ…
