“കൈയ്യല്ല തലപോയാലും
അറിയാവുന്ന വിദ്യയിൽ
ആരുടെ മുന്നിലും തലകുനിക്കരുതെന്ന്
വലിയച്ഛൻ കേതുമാൻ പറഞ്ഞിട്ടുണ്ട്”
കാഞ്ചയുടെയും കുതിരയുടെയും
പ്രവർത്തനം തൃപ്തിയൊടെ
ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട്
അവൻ പറഞ്ഞു
കുതിര ചെവിയിൽ പോയി
‘ടക്ക്’ന്ന് ഒന്നടിച്ചു
“നാട്ടിലെ പ്രമാണിമാരുടെ
സുഹൃത്തും ഉപദേശകനും ഒക്കെയായാൽ
എന്തും ചെയ്യാമല്ലോ”
ജരനൊന്ന് അമർത്തി മൂളി
“എല്ലാം ചതിവും വഞ്ചനയും മാത്രം….
പഴയ കുറെ കഥകൾ
കേതുമാനച്ഛൻ പറഞ്ഞെനിക്കറിയാം”
അവൻ തുടർന്നു
“എന്നാലും വസ്തുതർക്കത്തിൻ്റെ
പേരിൽ നടന്ന കൂട്ടയടിക്കിടയിൽ
പ്രായമുള്ളവരെ പോലും തല്ലാൻ
പിരികയറ്റുന്നവൻ അത്ര നല്ലവനല്ല…”
ആലയിൽ നിന്നു തെറിച്ച
രണ്ടു കനലുകൾ വീണ്
ജരൻ്റെ കണ്ണുകൾ ആളി
“നാട്ടിലെ പെണ്ണുങ്ങളെല്ലാം
അവൻ്റെ ആരാധകരാണ്
ആറ്റുതീരത്തെ പുല്ലുംകാട്ടിൽവച്ച്
പല പെണ്ണുങ്ങളെയും അവനൊപ്പം
പലരും കണ്ടിട്ടുണ്ട്”
‘കട്ട’ ആണിയടിച്ച് ഉറപ്പിക്കുന്നതിനിടയിൽ
അവൻ പറഞ്ഞു
ജരനൊന്നു പരുങ്ങി
ജാള്യതമറയ്ക്കാൻ മടിക്കുത്തിൽനിന്ന്
ഒരു ബീഡിയെടുത്തു കത്തിച്ച്
ആഞ്ഞുവലിച്ച് പുകവിട്ടു
കട്ട തോളിലുറപ്പിച്ച്
പറന്നുപൊങ്ങുന്ന പുകച്ചുരുളുകളെ
നോക്കി ഉന്നം പിടിച്ച് അവൻ തുടർന്നു
“തെക്കേലെ മരുത് വെളിക്കിറങ്ങാൻ
ആറ്റുംമണക്കെ പുല്ലുംകാട്ടിൽ പോയി കുന്തിച്ചിരുന്നപ്പോഴാണ്
അല്പം ദൂരെ പുല്ലിളകുന്നതും
ചില ശബ്ദങ്ങളും കേട്ടത്
കുരുക്കിൽ ഏതെങ്കിലും ഇര വീണതാണെന്ന് കരുതി
മരുത് നിരങ്ങി നിരങ്ങി മുമ്പോട്ടു ചെന്നു
പതിയെ പുല്ലു വകഞ്ഞു നോക്കിയപ്പോഴാണ്
മരുതിൻ്റെ പെണ്ണ് വല്ലി
ഒരു പെൺകുതിരയായി നിന്നു ചിനക്കുന്നു
വല്ലിയുടെ മുടി കടിഞ്ഞാൺപോലെ ചുറ്റിപ്പിടിച്ച്
വിദഗ്ദ്ധനായ കുതിരയോട്ടക്കാരനായി മറ്റവനും
അന്നുമുതൽ മരുതിന്
സുഖശോധന ഉണ്ടെന്നാണ് കേൾവി…”
ചിരിച്ചുകൊണ്ടവൻ തോക്കു താഴെവയ്ക്കാൻ തുടങ്ങിയപ്പൊ
ജരൻ ബീഡീക്കുറ്റി വലിച്ചെറിഞ്ഞ്
കൈലി മാടിക്കുത്തി എഴുന്നേറ്റു
തോക്കു കൈയ്യിലെടുത്തു
“സൂക്ഷിച്ചുപയോഗിക്കണം
ഫോറെസ്റ്റുകാര് അറിയരുത്..”
തിരകോലെടുത്തു കൊടുത്തുകൊണ്ട് അവൻ പറഞ്ഞു.
“പഴയതുപൊലല്ലെടാ
വലയിലും കുരുക്കിലുമൊന്നും ഒന്നും വീഴുന്നില്ല
വല്ലപ്പോഴുമൊരു മുയലോ
കിളിയോ വീണിട്ടെന്താവാൻ
നമ്മളും മോശമല്ലെന്ന് കാണിക്കേണ്ടേടാ…”
അമർത്തിയൊന്നു പറഞ്ഞശേഷം
തോക്ക് തോളത്തുവച്ച്
തിരകോലിടതു കൈയ്യിൽ പിടിച്ച്
ഉറച്ചകാലുകളോടെ ജരൻ
ആലയിൽനിന്നും കുന്നിറങ്ങി
വീട്ടിലേക്ക് തിരിയുന്നിടത്തുവച്ച് ജരൻ കണ്ടു
ഭാര്യ ലീല ആറ്റിലേക്കു തുണിയുമായി പോകുന്നു
വീട്ടിലെത്തി മരുന്നും തിരയും നിറച്ച്
തോക്കുമായി ജരനും ആറ്റിൻകരയിലേക്കു നടന്നു
നാലുദിവസം മുമ്പായിരുന്നത്
കെണിയിൽ വല്ല മുയലും കുടുങ്ങിയോ
എന്നു നോക്കാനാണ് ജരൻ
ആറ്റിൻകരയിലെ പുല്ലുംകാട്ടിലേക്ക് ചെന്നത്
അവിടെ,
വിയർപ്പിൽ പൂഴിമണൽ പറ്റിപ്പിടിച്ചു തിളങ്ങുന്ന
ലീലയുടെ ശരീരം എത്രനേരം
നോക്കിനിന്നെന്ന് ജരനോർമ്മയില്ല
അവളപ്പോഴും മണൽവാരി മുകളിലേക്കെറിയുന്നുണ്ടായിരുന്നു
തോക്കു ചൂണ്ടി ജരൻ പതിയെ മുന്നിലേക്കിഴഞ്ഞു
മാനാണോ മയിലാണോ പന്നിയാണോ?
വെയിലത്ത് കറുപ്പും ചുവപ്പും വെളുപ്പും നിറങ്ങൾ
തിരിച്ചറിയാനാവാത്തതുപോലെ തിളങ്ങുന്നു
പുൽത്തലപ്പുകളുടെ ഇടയിലൂടെ
പതിയെ കുഴൽ കടത്തി ഉന്നം പിടിച്ച്
ജരൻ കാഞ്ചി വലിച്ചു, ഒരു പിടയൽ
ഒരു വലിയ നിലവിളിയോടെ
മറ്റൊരെണ്ണം ആറ്റിലേക്കെടുത്തു ചാടി
ഇരവീണ നിർവൃതിയിൽ ജരൻ കണ്ണടച്ചു
ഇതാ തൻ്റെ ജൻമനിയോഗം അവസാനിക്കുന്നു
ഇനിയെൻ്റെ തലമുറ വേട്ടകാരുടേതാവും.

കല ആർ

By ivayana