രചന : മംഗളാനന്ദൻ ✍
മലയാം സഹ്യൻതന്റെ
മടിയിൽ ശയിക്കുന്ന
മലയാളത്തിൻ മാതൃ-
ഭൂമിയാണെൻ കേരളം.
മലരും കിളികളും
മരവും താഴ്വാരവും
മലനാട്ടിലെ ചെറു
പർവ്വതനിരകളും,
തീരത്തെയെന്നും തേടി
യലയും കടലിന്റെ
തീരാത്ത തിരകൾ തൻ
ചിലമ്പിൻ നാദങ്ങളും,
ഇടനാടിനെ പച്ച-
യാക്കുന്ന പാടങ്ങളും,
ഇടതൂർന്നെങ്ങും തിങ്ങി
നിറയും കേരങ്ങളും,
ദിനവും കാണുന്നു നിൻ
മക്കളെ,ങ്കിലും, തിരി-
ച്ചറിയാൻ വിദേശിതൻ
കണ്ണട വേണം പോലും.
അറിയാമെനിക്കു നീ,
ദ്രാവിഡപ്പെരുമയിൽ
ഇവിടെ പണ്ടേ തല-
യുയർത്തിപ്പിടിച്ചവൾ.
ഇവിടെ വെയിലേറ്റു
നിൻ വയൽച്ചേറിൽ നെല്ലു
വിളയിച്ചവരല്ലോ
ഞങ്ങടെ മുൻഗാമികൾ.
ഒരിക്കലധിനിവേ-
ശത്തിന്റെ മഴുവുമായ്
വടക്കു നിന്നുമാര്യാ-
വർത്തമീ മണ്ണിൽ വന്നു.
സമൃദ്ധി വിളയുന്ന
പുലത്തിൽ മൺകട്ടകൾ
കറുത്ത മനുഷ്യർതൻ
ചോരയിൽ കുതിർന്നു പോയ്.
വെറുതെ ചായം തേച്ച
നുണയാണീക്കേരളം
കടലിൽ നിന്നും രാമൻ
നേടിയ കഥയെല്ലാം.
അലയുന്നല്ലോ നാടു
മുഴുവൻ, മക്കൾ ഞങ്ങൾ,
മലയും കാടും മണ്ണും
കടലും നഷ്ടപ്പെട്ടോർ.
ഇപ്പൊഴും പറയുന്നു
ദൈവത്തിൻ സ്വന്തം നാടെ-
ന്നപ്പൊഴുമതുകേട്ടു
പാവങ്ങൾ ചിരിക്കുന്നു.
അറിയാം ആണ്ടോടാണ്ടു
പ്രളയം വരും നേരം
കരുതലായീടേണ്ട
കരങ്ങൾ തളരുന്നു.
വെറുതെ മോഹിക്കുന്നു
സഹ്യന്റെ കൈകൾ നിന്നെ
മുറുകെപ്പിടിച്ചെങ്കി-
ലെന്നു, മക്കളീ ഞങ്ങൾ.
കവിതയാണെങ്കിലും
കേവലം വ്യാജസ്തുതി
എഴുതാനാവില്ലെന്നു
ഞാൻ തിരിച്ചറിയുന്നു.
പൊള്ളുന്ന യാഥാർഥ്യങ്ങൾ
ഇപ്പോഴുമകതാരിൽ
മുള്ളുകളായിട്ടല്ലോ
തറഞ്ഞു കിടക്കുന്നു.
നിന്റെ വേദനകൾക്കു
സാന്ത്വനതൈലം പൂശാൻ
എന്റെ കൈകളിൽ ബലം
നിറയാനെൻ പ്രാർത്ഥന.!

