രചന : മധു ശങ്കർ മീനാക്ഷി ✍️
കാണുമ്പോഴെല്ലാം
അമ്മ ഇങ്ങനെയാണ്…
ഒരു കൈ എപ്പോഴും ഇടതുകാതിൽ..
വട്ടം കുടിപ്പോയതുകൊണ്ടാകാം
ചുവന്ന കല്ലുപതിച്ച തോട
ഇടയ്ക്കിടെ കാതുവട്ടത്തിൽ നിന്ന്
ഊരിപ്പോരും..!❤️
ഏതൊരമ്മയുടെയും അമ്മച്ചന്തം
ഇങ്ങനെയൊക്കെയാണ്…
ചന്തം മാത്രമല്ല, ശീലവും.
ചില അമ്മശീലങ്ങള്‍,
അതില്ലെങ്കിൽപ്പിന്നെ അവരില്ല..!
കാണാന്‍ ഭംഗിയുള്ള ആ തോട
മരിക്കും വരെ അമ്മ ഉപേക്ഷിച്ചില്ല..
കാതുവട്ടം വെട്ടിത്തൈയ്ക്കാൻ
ഡോക്ടറെ തേടിപ്പോയില്ല..😋
വീടിന്റെ മുമ്പിൽ പണ്ടൊരു തൊഴുത്ത്
ഉണ്ടായിരുന്നു..
രണ്ടു പശുക്കൾവരെ ഉണ്ടായിരുന്ന കാലം..
പുതുതായി പിറക്കുന്ന
പശുക്കുട്ടിയുടെ കുറുമ്പു മുഴുവൻ
കാതുവട്ടത്തിൽ നിന്ന്
ഊരിപ്പോരുന്ന ആ തോടയിലാണ്..
ഉണങ്ങലരി വേവിച്ച്
തൈരും നെയ്യും തേനും കൂട്ടി
സപ്തനദികളെ മനസ്സിൽ സങ്കൽപ്പിച്ച്
വീട്ടുമുറ്റത്ത് നേദിക്കുമ്പോൾ
നല്ല മഴ പെയ്യുന്നുണ്ടായിരുന്നു..
ആത്മാക്കളുടെ മെനുവിൽ സ്രാവുകറി
ഉണ്ടാകുമോ.?
അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള
“മീൻ കൂട്ടാൻ” ആയിരുന്നു അത്.
പോയവർഷം, അച്ഛന്റെ ശ്രാദ്ധം
മക്കൾ നാലുപേരും മറന്നു..
മനസ്സിന് വല്ലാത്ത വിഷമം.!
സമാധാനിപ്പിക്കാനാകണം ചേട്ടൻ പറഞ്ഞു..
“അച്ഛന്റെ ആത്മാവിന് മോക്ഷം കിട്ടിക്കാണും.”
ഓർമ്മയോളം വലുതല്ല
മോക്ഷമെന്ന്
അന്ന് മനസ്സിലായി.. 🌱

