ശവം വിളമ്പുന്ന
ആദ്യത്തെ പന്തിയിൽ
കുഞ്ഞുങ്ങളെയാണ്
നിരത്തിയത്,
മാസം തികയാതെ
മരുന്നു കുത്തി മരിച്ചവർ,
മാസമെത്തും മുമ്പെ
മരുന്നു കേറ്റി കൊന്നവർ,
മാസം തികഞ്ഞിട്ട്
വലിച്ചെറിഞ്ഞ് ചത്തവർ,
കുഞ്ഞുങ്ങളുടെ
ശവത്തിന്
നന്നേ രക്തത്തിൻ്റെ മണം തന്നെ,
അമ്മയുടെ
നിസ്സഹായവസ്ഥയും,
പെണ്ണിൻ്റെ
അടിയന്തരാവശ്യവും ,
പിഴച്ചവളുടെ
അലറിക്കരച്ചിലും
ആവശ്യത്തിലേറെ,
ആ പന്തി പൂർണ്ണമായില്ല.
കഴുത്ത് ഞെരിച്ച്,
വായ് പൊത്തി,
എന്തെന്നറിയാത്ത
മൃദുതലയെ
പുലിനഖങ്ങളാൽ
വരണ്ടു കോറിയ
പൈതൽ ശരീരങ്ങൾ
ബാക്കി തന്നെ,
ഉണ്ണുവിൻ !!
പിന്നത്തെ പന്തി
യുവാക്കളുടേതായിരുന്നു,
അമ്മയുടെ ലാളനയേൽക്കാത്ത,
അച്ഛൻ്റെ ദേഷ്യമറിയാത്ത,
വീടിനോട് ആത്മബന്ധമില്ലാത്ത,
സമൂഹത്തിനോട് കടപ്പാടില്ലാത്ത
യുവാക്കളെ നിരത്തി കിടത്തിയിരുന്നു,
എന്തിനാണ് മരിച്ചതെന്നറിയാത്തവർ,
വേഗതയിലോടിയ വണ്ടിയോ,
പ്രണയത്തെ പറ്റിച്ചോടിയൊളിച്ചതോ,
ലഹരിയിൽ തലതല്ലി ചത്തതോ,
അറിഞ്ഞു കൂടാ,
അവർ ചത്തതു തന്നെ
കൊന്നവരിവിടെ ഉണ്ടാവാം,
ഇല്ലെന്നിരിക്കാം,
എങ്കിലും രോഗം വന്ന്
മരിച്ച യുവാക്കളെ
ബാക്കി വെയ്ക്കാം,
ദൈവത്തിനുള്ള
ഓരിയാണത് !!
ശേഷം കാമുകരുടെ
നീണ്ട നിര തന്നെയായിരുന്നു,
പ്രണയത്തെ ആവർത്തിച്ചു
കുറിച്ചു വെച്ചവർ,
കാമുകിയുടെ നഗ്നത
അടിമുടി വരച്ചവർ,
പിഴപ്പിച്ചിട്ട് കണ്ണടച്ചവർ,
പിതൃത്വത്തിൽ ഓടിയൊളിച്ചർ,
ഒറ്റയ്ക്കാക്കി നടന്നു വന്നവർ,
ഓർമ്മയിൽ നിന്നെടുത്തു കളഞ്ഞവർ ,
തോറ്റു തുന്നം പാടിയവർ,
പല വട്ടം മരിച്ചിട്ടും
മരണമേൽക്കാത്തവർ,
കഴിച്ചു കഴിഞ്ഞാൽ
അശേഷം ബാക്കിയായെന്ന പോലെ
രണ്ടു ശരീരങ്ങളായൊട്ടി പിടിച്ച
ചിലരെ മാത്രം
കഴിക്കാതെ നടക്കാം,
പിന്നീടങ്ങ് വൃദ്ധരാണ്
ലോകം കീഴ്മേൽ മറിച്ചിട്ടവർ,
ജീവിത നദി നീന്തി കടന്നവർ,
പ്രണയത്തെ വക്കു പൊട്ടാതെ
മുറിച്ചവർ,
രോഗങ്ങളെ വെല്ലുവിളിച്ചവർ,
അവരെ കഴിക്കാനാരും
യോഗ്യരല്ല,
ഒരു കവിയെ
കടിച്ചു തിന്നാൽ
വിശപ്പു മാറുമെന്ന്
അവർ പരസ്പരം പറഞ്ഞുവത്രെ,
ശവം കഴിച്ച്
മടങ്ങുന്ന വഴിയിൽ
ഒരു കൂട്ടം ഉറുമ്പുകൾ
എന്നോട് രഹസ്യമായി പറഞ്ഞത്.

പ്രസീദ .എം.എൻ. ദേവു

By ivayana

Leave a Reply

Your email address will not be published. Required fields are marked *