രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍
അടുത്തിരിക്കുമ്പോഴും അറിയാത്ത പോലെ
അകലം സൃഷ്ടിക്കുന്നുവോ?
പിരിഞ്ഞിരിക്കുമ്പോഴും പറയാത്ത പോലെ
പരിഭവം കാട്ടുന്നുവോ?
എന്തിനുമേതിനും തമ്മിൽ കലഹിച്ച്
സമാധാനം തുലക്കുന്നുവോ?
എവിടെയാണെങ്കിലും അവിടെ തിരഞ്ഞെത്തി
ശത്രുത തീർക്കുന്നുവോ?
അഴുകിയ ചിന്തകൾ വലിച്ചെറിയാതെ മേന്മ നടിക്കുകയോ?
അയലത്തുകാരനെ ഇകഴ്ത്തി കളിയാക്കി
അസൂയയിൽ രമിക്കുന്നുവോ?
അറിയാതെ പോയോ…?കാലം നടന്നേറെ
ദൂരങ്ങൾ താണ്ടിയില്ലേ?
അറിവിന്റെ ലോകം തിളങ്ങുന്ന കാഴ്ചകൾ
അറിഞ്ഞിട്ടും കണ്ണടക്കുന്നുവോ?
കാലം മാറി….ലോകവും മാറിപ്പോയ്
നീ മാത്രം മാറിയില്ലേ?
ഇനിയും മാറാത്ത നിങ്ങളെ മാറ്റുവാൻ
തലമുറ നോക്കി നിൽപ്പൂ
ഇവിടെ സമത്വം, സ്വാതന്ത്ര്യമെന്നുള്ളത്
അനുഭവിച്ചറിയുക നീ…
അടുത്തു നീ നിൽക്കുക, അകലം മറക്കുക
അനുഭവിച്ചറിയുകില്ലേ?
പരിഭവം വേണ്ട…പുതിയതാണെല്ലാം
മനുഷ്യത്വം നിറഞ്ഞതത്രേ!
അകന്നു നീ പോകേണ്ട,അരികിലുണ്ടല്ലോ
ഇരുകൈകൾ നീട്ടി കാത്തിരിപ്പൂ
പുത്തൻ സമൂഹം…ജീവിത രീതികൾ
സ്നേഹം നിറഞ്ഞ വീഥി
അകന്നിരിക്കുമ്പോഴും അകലം തീർക്കാതെ
ചേർത്തു പിടിക്കുക നീ…..

