രചന : ഖാദർ ഖാൻ നന്നം മുക്ക് ✍️
അദ്ദേഹത്തിൻ്റെ മരണ
ശേഷമാണ് ഞാൻ ഇതൊക്കെ
ഒരു പഴയ പെട്ടിയിലേക്ക്
വാരിവലിച്ചിട്ടത്.
എഴുതി തീർത്ത നോവലുകളും
കഥയും കവിതാ ലേഖനങ്ങളുടെ
ഒരു വലിയ ശേഖരം.
അച്ചടി മഷി പുരളാത്ത
അദ്ദേഹത്തിൻ്റെ സാഹിത്യ
അക്ഷരങ്ങൾ.!
പതിനാലാം ചരമ ദിനത്തിൻ്റെ
ചടങ്ങുകൾക്ക് ശേഷം
ഞങ്ങൾ അദ്ദേഹത്തിൻ്റെ
കുഴിമാടത്തിനടുത്തുള്ള
വിറക് പുരയിലേക്ക് ആ പെട്ടി മാറ്റി
കടലാസ് കൂമ്പാരം നിറഞ്ഞ
ആ പെട്ടിയിൽ തൊട്ട് നിൽക്കുമ്പോൾ
മരിക്കുന്നതിന് തലേന്നാൾ
ജ്വലിച്ചു നിന്ന അദ്ദേഹത്തിൻ്റെ
ദൃഷ്ടി ഇപ്പോള്‍ എന്നെ കരിക്കുന്നത്
പോലെ തോന്നി.
ആരോ പറയുന്നത് കേട്ടൂ
നിങ്ങൾ ആരെങ്കിലും
ആ പെട്ടിക്കുള്ളിലുള്ളത്
ഓരോന്നായി പുറത്തേക്ക്
വലിച്ചു ഇടു നമുക്ക്
ഉപകാരം ഉള്ളത് അതിനുള്ളിൽ
കാണാതിരിക്കില്ല.
ആവശ്യമില്ലാത്തത് നമുക്കു
കത്തിച്ചു കളയാം.
എരിഞ്ഞു തീരാത്ത അദ്ദേഹത്തിൻ്റെ
അസ്ഥികളെ വടിവൊത്ത അക്ഷരങ്ങളിൽ
അദ്ദേഹം കുറിച്ചിട്ട വരികളിൽ
ഞാൻ കണ്ടു.!

