യുദ്ധം
ഞാനും നീയും തമ്മിലല്ല,
എൻ്റെയുള്ളിലെ ഞാനും
നിൻ്റെയുള്ളിലെ ഞാനും
തമ്മിലാണ്!
അതിരുകൾ ഭേദിച്ച്
കടലും കാറ്റുമെന്നപോൽ
നമ്മുടെ ഉടലും മനസ്സും
പടരാൻ തുടിക്കുമ്പോൾ;
കൂരിരുളിലൊരു കുടുസ്സുമുറിയിൽ,
കനിവില്ലാത്തൊരാത്മരതിയുടെ കെടാകനലിൽ
വിനാശമായ് പൊട്ടിത്തെറിക്കാൻ
വെറിപൂണ്ട് നിൽപ്പുണ്ടാ ഞാനും ഞാനും
നോക്ക്,
ഈ യുദ്ധം നമ്മൾ
തമ്മിലല്ല;
പക്ഷെ അത് നമ്മുടെ ആകാശങ്ങളെയാണ്
പുകച്ച് തുപ്പുന്നത്!
നമ്മുടെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ
ചിറകുകളാണ് കരിച്ചുകളയുന്നത്!
നമ്മൾ പുണർന്നുണർന്ന
മണ്ണിൻ മാറിലാണ്
നിണച്ചാലുകൾ ചീന്തുന്നത്!
അശാന്തിയുടെ
തീനാളങ്ങളെരിയുമടുപ്പിൽ
നമ്മുടെ കുഞ്ഞുങ്ങളെയാണ്
ചുട്ട് തിന്നുന്നത്!
ഈ യുദ്ധത്തിൽ
ഞാനും ഞാനുമൊരിക്കലും മരിച്ചൊടുങ്ങില്ല;
പക്ഷേ നമ്മൾ നമ്മളിൽനിന്നെന്നേക്കുമായ്
നാമാവശേഷരാകും!
ഞാൻ ഞാനിൽ
മദംപൊട്ടിയൊരാത്മരതി-
മൂർച്ഛയിൽ,
വെള്ളരിപ്രാവുകൾ
ആത്മാഹുതി ചെയ്ത
ആകാശത്തുനിന്ന്
ഇലപോലും മുളക്കാത്ത മണ്ണിൽ
ഒടുവിലൊരുനാൾ
കറുത്ത മഴകൾ
ആർത്ത് പെയ്യും!
അശാന്തിയുടെ വിഷവിത്തുകൾ
വീണ്ടും ഭൂമിയിൽ മുളച്ചുപൊന്തും…

കെഎം മുസ്‌തഫ
സാമൂഹിക വികസന ആശയ വിനിമയ മേഖലയിൽ പ്രവർത്തിക്കുകയും എഴുതുകയും ചെയ്യുന്നു. ഇപ്പോൾ വയനാട് ജില്ലയിൽ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
E mail: kmmusthaf@gmail.com

By ivayana

Leave a Reply

Your email address will not be published. Required fields are marked *