ഒറ്റപ്പെടലിന്റെ അഗാധതയിൽ നിന്നാണ്
നിന്റെ പാതയിൽ
ഒരു വഴിയാത്രികയെപോലെയെത്തിയത്,
നീ മറഞ്ഞിരിക്കുന്നത് എന്റെ പ്രണയത്തിന്റെ നിഴലിലാണോ..
എത്ര നേരം കടന്നുപോയ്‌,
പുലർകാലം വിരിഞ്ഞപൂക്കളുടെ ആത്മാവുമായ്
കടന്നുപോയ്‌,
ഉച്ചനേരം മേഘങ്ങളെ ചങ്ങലയണിച്ച്
പരിഭ്രാന്തരാക്കുന്നതിനും സാക്ഷിയായ്,
അന്തിയങ്ങനെ പറവകൾക്കായ്
മുറിഞ്ഞുപോയ പാതവെട്ടുന്നു.
ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത
ഒച്ചകളിൽ നിന്നും
പ്രകൃതിയെഴുതിയ ഭാഷ പഠിക്കുന്നു.
മുഖം മറച്ചുകൊണ്ട്,
ഇരുട്ടിനെ എതിർക്കുന്നു ഞാനും,
തെരുവിലൂടെ നടന്നുപോകുന്ന
പിശാച് പോലും
ദയനീയമായ് നോക്കുന്നു.
യാചകയായ പെൺകുട്ടിയെ പോലെ
എത്ര നേരമിങ്ങനെ കാത്തിരിപ്പ് തുടരും,
ഹാ.. ഹൃദയരഹസ്യത്തിന്റെ ചുരുളഴിക്കാതെ
ഞാനീ തെരുവിൽ നിൽക്കുന്നതിനെക്കുറിച്ച് മാത്രം ചോദിക്കരുത്,
പ്രണയമങ്ങിനെയാണ് തെരുവിൽ നിർത്തും,
ഭ്രാന്തരാക്കും,
എന്നിട്ടും, നീയെനിക്ക് ചുറ്റും മറഞ്ഞു നിൽക്കുന്നതും
പ്രതീക്ഷയാകുന്നു.

ശാന്തി സുന്ദർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *