പച്ചവിരിപ്പിട്ട നിൻ്റെ അങ്കണത്തിൽ
ഞാനാദ്യമായ് വന്ന നാൾ
അന്നു നീ മുട്ടൊപ്പം
പച്ച പാവാടയിട്ടൊരു
കൊച്ചു പെണ്ണായിരുന്നു.
അന്നേ നിന്നിലൊരു മോഹം
മൊട്ടിട്ടെൻ ഹൃത്തടത്തിൽ.
നോക്കി നോക്കിയങ്ങിരിക്കവെ
നീയൊരു കൊച്ചു സുന്ദരി പെണ്ണായ് വളർന്നു.
ഋതുമതിയായ നാൾ തൊട്ടു
ദാവണി ചുറ്റിയ നിന്നെ കാണുവാൻ
അയലത്തെ പൂവാലൻ കിളികൾ
വട്ടമിട്ടു പറന്നുവല്ലോ…
അതു കണ്ടു നിന്നെനിക്കു
കോപമങ്ങിരച്ചു കയറി
അന്നെൻ്റെയമ്മ കുടിനീരു കോരുന്നൊരു
പാട്ടയും കൊട്ടിയോടിച്ചന്ന വരെ.
പിന്നന്നു നിൻ്റെ മുറ്റത്തൊരു
കൊച്ചു മാടവും കെട്ടി
കാവലായങ്ങിരിപ്പായ് ഞാൻ .
പൊൻ ചേല ചുറ്റിയ നിന്നോടു
കൊഞ്ചിക്കുഴഞ്ഞങ്ങു നിൽക്കവെ
എങ്ങോ നിന്നോടിയെത്തിയ
ചാറ്റൽ മഴ നനഞ്ഞില്ലെ നമ്മളന്ന്.
ദെണ്ണം പിടിച്ചു ഞാനന്നു കിടന്ന നാളിൽ
അയലത്തെ പെണ്ണുങ്ങൾ
കൊയ്ത്തുപാട്ടൊന്നു പാടി
കൊയ്തെടുത്തു നിന്നെയും
കൊണ്ടങ്ങു പോയന്നമ്മ ചൊല്ലി.
പിന്നൊരിക്കലും നിന്നെയും
തിരക്കി ഞാനതുവഴി വന്നതേയില്ല ..

By ivayana