രചന : മൻസൂർ അഹമ്മദ് ✍️
ബാക്ക് സീറ്റിൽ നിന്നും ഉറക്കമുണർന്നപ്പോൾ കാർ ഒരു പെട്രോൾ പമ്പിനോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ നിർത്തിയിട്ടിരിക്കുകയാണ്. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് വണ്ടി സൈഡാക്കി ഉറങ്ങുകയാണ്. വാഷിംങ്ടൺ ഡിസിയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള രാത്രി യാത്രയിലായിരുന്നു ഞങ്ങൾ. ഞാൻ പുറത്തേക്കിറങ്ങി, മരവിപ്പിക്കുന്ന ആ തണുപ്പിലേക്ക് കാൽകുത്തിയപ്പോൾ പെട്ടെന്നൊരു മായികലോകത്ത് എത്തിപ്പെട്ടതുപോലെയാണ് തോന്നിയത്. മങ്ങിയ വെളിച്ചത്തിനും മഞ്ഞിനും ഇടയിൽ ചുറ്റും നിൽക്കുന്ന വൻമരങ്ങളുടെ അവ്യക്തമായ കാഴ്ച. ഭീമാകാരന്മാരായ ഒന്നോ രണ്ടോ ട്രക്കുകളും ഏതാനും കാറുകളും അവിടെ കിടപ്പുണ്ട്; അവയ്ക്കുള്ളിലെ മനുഷ്യരെല്ലാം ഉറക്കത്തിലാണ് എന്നുതോന്നുന്നു. ഇരുണ്ട അന്തരീക്ഷവും നിഗൂഢമായ നിശബ്ദതയും കാരണം, ഹാരി പോർട്ടർ സിനിമയിലെ ഏതോ മാന്ത്രിക രംഗത്തിലേക്ക് നടന്നു കയറിയതുപോലെയാണ് അനുഭവപ്പെട്ടത്. എപ്പോഴും പറയാറുള്ളപോലെ ലക്ഷ്യങ്ങളെക്കാൾ മനസ്സിൽ തറഞ്ഞുനിൽക്കുന്നത് ചിലപ്പോൾ വഴിയോരകാഴ്ചകളാവും. അത് രാത്രിയാത്രകളിലാവുമ്പോൾ കൂടുതൽ അനുഭവേദ്യമാവും.
ഏറ്റവും ഹൃദ്യമായൊരു രാത്രിയാത്ര ഏതാവും..? എനിക്കത് പ്രയാസകരമായ ചോദ്യമാണ്. ബന്ദിപൂർ കാടിനകത്ത് കക്കനള്ള ചെക്ക്പോസ്റ്റിൽ ഒരുരാത്രി മുഴുവൻ കുടുങ്ങിപ്പോയ അനുഭവം മുമ്പ് എഴുതിയിട്ടുണ്ട്. അങ്ങനെയൊന്ന് വീണ്ടും വീണ്ടും സംഭവിക്കണേ എന്നാഗ്രഹിച്ചുപോവുന്ന ഒരവസ്ഥയായിരുന്നു അത്. തുർക്കിയിലെ കോന്യയിൽ നിന്നും ഇസ്‌താംബൂൾ വരേയുള്ള പതിനാല് മണിക്കൂർ നീണ്ട ബസ് യാത്ര കൂടുതൽ സമയവും രാത്രിയിലായിരുന്നു. ആ യാത്രയിൽ കടന്നുപോയ ഗ്രാമങ്ങളൊന്നും ഒരുപക്ഷേ പകൽ വെളിച്ചത്തിൽ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. കാരണം രാത്രിയുടേയും പകലിന്റേയും ഡി.എൻ.എ (DNA) വ്യത്യസ്തമാണല്ലോ..!
ഈ രാത്രി എവിടെ പോയിരിക്കണം എന്ന് ചോദിച്ചാൽ ഞാൻ പറയും അലക്‌സാൻഡ്രിയയിൽ എന്ന്. മെഡിറ്ററേനിയന് മുഖം തിരിച്ച്, ഈന്തപ്പനയുടെ ഓലകൾ കൊണ്ടലങ്കരിച്ച ഒരു റസ്റ്ററന്റ് ഉണ്ടവിടെ. സഹ്ലബ് കുടിച്ച് മെഡിറ്ററേനിയനിലെ കപ്പൽ വെളിച്ചങ്ങളിലേക്ക് നോക്കിയിരിക്കാൻ നല്ല രസമാണ്. കാഴ്ചവട്ടം കഴിഞ്ഞാൽ ആഴക്കടലിലെ ആ വെളിച്ചങ്ങൾ കപ്പലിൽ നിന്നാണോ അതോ നക്ഷത്രങ്ങളാണോ എന്നറിയാൻ പറ്റാതാവും.
രാത്രിയിൽ ഉറങ്ങാതിരിക്കാൻ ശനിയാഴ്ചകളെ കാത്തിരിക്കാറുണ്ട് ഞാൻ. ഗസൽ ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത് പാതിരകളിലാണ്.
അക്ബർ അല്ലാഹാബാദിയുടെ വരികളെ ഗുലാം അലി ഇങ്ങനെ ഹൃദയത്തിലേക്ക് പാടി അടുപ്പിക്കുന്നു.
വോ ബസ്മ്-ഇ-ഐഷ്-ഓ-തറബ് യാദ് ഹേ, വോ രാത് മുഝേ ..
ജബ് അപ്നേ ഹാത്തോൻ സേ തും നേ പിലായീ ഥീ മുഝേ ..
“ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ആ വിശിഷ്ടമായ രാത്രി എനിക്കിന്നും ഓർമ്മയുണ്ട്, നിൻ്റെ സ്വന്തം കൈകളാൽ നീ എനിക്ക് പ്രണയത്തിന്റെ മധുപാത്രം പകർന്നു തന്ന ആ രാത്രി”!
ബാൽക്കണിയുടെ മൂലയിൽ നിന്നും രണ്ട് ഇണപ്രാവുകൾ കുറുകുന്നു. അവർക്കും ഉറക്കമില്ലെന്ന് തോന്നുന്നു.
