രചന : കെ.ആർ.സുരേന്ദ്രൻ ✍️
അരുവീ, നീ കൊലുസിട്ട സുന്ദരിയായൊരു
പാവാടപ്പെൺകുട്ടി.
നിന്റെ ചടുലമായ നടത്ത,
ചടുലമായ നൃത്തം,
ചടുലമായ വേഗത,
എല്ലാം എത്ര മനോഹരം!
തടാകം.
തടാകം ശാന്തം, സ്വച്ഛം.
തടാകം സൗമ്യം, സുതാര്യം.
തടാകം എത്ര മോഹനം!
തടാകം നീലവാനത്തിന്റെ കണ്ണാടി.
ചിറ്റോളങ്ങൾ വിരളം,
സഹനത്തിന്റെ അമ്മയെപ്പോലെ…..
പുഴ,
ആരെയും ആഹ്ളാദിപ്പിക്കുന്ന
ഉപരിതല ശാന്തത.
ഒറ്റനോട്ടത്തിൽ
കാണാതെ പോകുന്ന
മലരികൾ ചുഴികൾ,
കയങ്ങൾ……..
അകമേ ഒളിപ്പിച്ച
അടിയൊഴുക്കുകൾ….
പുഴയൊരു മോഹിനി.
കൈകാട്ടി, കണ്ണിറുക്കി,
നമ്മെ ക്ഷണിക്കുന്നവൾ,
വഞ്ചനയുടെ മലരികൾ,
ചുഴികൾ,കയങ്ങൾ,
എല്ലാം അവളുടെ
തുറുപ്പ് ചീട്ടുകൾ.
നിത്യസന്ദർശകർക്ക്
ആതിഥ്യമരുളുന്നവൾ പുഴ.
സുരക്ഷ ഉറപ്പാക്കുന്നവൾ.
പാവാടക്കുട്ടികളായ
അരുവികൾ വിരളമാകുന്നു.
നീലവാനത്തിന്റെ കണ്ണാടികളായ
തടാകങ്ങൾ ആഴങ്ങളിലേക്കൊളിക്കുന്നു.
സഹനത്തിന്റെ അമ്മമാർ
പഴങ്കഥകളാകുന്നു.
പുഴകൾ മെലിയുന്നു,
വരളുന്നു.
മലരികളില്ലാ,ചുഴികളില്ലാ,
കയങ്ങളില്ലാ…….
എല്ലാം പഴങ്കഥകളാകുന്നു…..
കടൽ.
കടൽ ,അവളുടെ
മാറിമറയുന്ന ഭാവങ്ങൾ.
ചിലപ്പോൾ പ്രഭാതത്തിന്റെ
പ്രശാന്തത.
അവളൊഴുക്കി വിടുന്ന
കുളിർ കാറ്റിൽ
രോമാഞ്ചമണിയുന്ന തീരം.
ചിലപ്പോൾ ഉന്മാദിനിയായ അവൾ
കാലിൽ ചിലങ്കകെട്ടിയുള്ള
പ്രചണ്ഡനടനം.
വിരഹതാപത്തിന്റെ
അലർച്ച.
ആഞ്ഞടിക്കുന്ന
ഭ്രാന്തൻ കാറ്റ്.
തീരത്തെ കരിങ്കല്ലുകളിൽ
തലയടിച്ച് പിൻവാങ്ങി,
തിരിച്ചെത്തുന്ന തിരമാലകളുടെ
ഒടുങ്ങാത്ത രോഷം.
അരുവികളും, തടാകങ്ങളും,
പുഴകളും അപ്രതൃക്ഷമാവുമ്പോഴും
ഉയർന്നു കൊണ്ടേയിരിക്കുന്ന
കടൽ നിരപ്പ് .
അവളുടെ കരയെ
വിഴുങ്ങാനുള്ള
നിലക്കാത്ത ആർത്തി….
കടൽ വിഴുങ്ങുന്ന കരകളുടെ
നിലനില്പിനെയോർത്തുള്ള
ആധി,ഭയം,സന്ത്രാസം….

