“അവർ ഭാര്യയും ഭർത്താവുമായിരുന്നില്ലേ? ഒരു സ്നേഹപ്രകടനത്തിന്റെ, വെറുമൊരു ചുംബനത്തിന്റെ പേരിൽ ആ ചെറുപ്പക്കാരെ കഴുത്തറുത്തു കൊന്നുകളഞ്ഞില്ലേ…” ആളുകൾക്കിടയിൽ സഹതാപവും കിംവദന്തികളും കാട്ടുതീപോലെ പടർന്നു. സോഷ്യൽ മീഡിയയിലും പല വിദേശ പോർട്ടലുകളിലും സൗദി ഭരണകൂടത്തിന്റെ ക്രൂരതയെന്ന പേരിൽ പലരുമത് ഏറ്റുപിടിച്ചു.

എന്നാൽ, അന്ന് ബ്രാഹ്മൺബറിയയിലെ ആ വീടിനുമുന്നിൽ സൗദി ഗവൺമെന്റിന്റെ ഔദ്യോഗിക സീലുകൾ പതിച്ച പെട്ടി നോക്കി നെഞ്ചുതല്ലി കരയുന്ന അബ്ദുൽ ബസീറിന് മാത്രം അറിയാമായിരുന്നു, സത്യം അതൊന്നുമല്ലെന്ന്. ആ അടക്കംപറച്ചിലുകൾ തന്റെ കുടുംബത്തിന് മേൽ വീണ അപമാനത്തിന്റെ കറയെ മായ്ക്കാൻ ഉദ്ദേശിച്ചുള്ള വെറും പ്രചാരണങ്ങൾ മാത്രമാണെന്ന്.

നസ്രുലും സ്വീറ്റി അക്തറും ഭാര്യയും ഭർത്താവുമായിരുന്നില്ല. ഭാര്യാഭർത്താക്കന്മാരുടെ ഒരു നിഷ്കളങ്കമായ ചുംബനത്തിന്റെ പേരിലല്ല സൗദി ഭരണകൂടം അവരുടെ ജീവനെടുത്തത്. മറിച്ച്, പുണ്യഭൂമിയായ മക്കയിലെ ഒരു ആരാധനാലയത്തിൽ വെച്ച്, പവിത്രമായ മാസത്തിന്റെ വിശുദ്ധി കാറ്റിൽപ്പറത്തി, കാമത്തിന് അടിപ്പെട്ട് അവർ ചെയ്ത അവിഹിതമായ ലൈംഗികബന്ധം തന്നെയായിരുന്നു ആ കുറ്റം.

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് കരകയറാൻ മസ്ജിദുൽ ഹറാമിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴും, നസ്രുലിന്റെ കാലുകൾ പാപം നിറഞ്ഞ ആ വഴിയിലേക്ക് തെന്നിമാറുകയായിരുന്നു. സാധാരണ നിയമവ്യവസ്ഥകൾക്കപ്പുറം, ദൈവഭവനത്തിന്റെ പവിത്രതയെയും വിശുദ്ധ മാസത്തിന്റെ മഹത്വത്തെയും വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവൃത്തിയായതുകൊണ്ടാണ് സൗദി ശരീഅത്ത് കോടതി അതൊരു അതിഗുരുതരമായ കുറ്റമായി കണ്ടത്.

“ഭൂമിയിൽ നന്മ വരുത്തിയതിനു ശേഷം അവിടെ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്…” എന്ന ഖുർആനിക വചനത്തിന്റെ കർശനമായ അടിത്തറയിലാണ് ആ വിചാരണ നടന്നത്. ക്രൈം ഡിപ്പാർട്ട്മെന്റിന്റെ സമഗ്രമായ അന്വേഷണത്തിനും കൃത്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി അവർക്കെതിരെ *’തഅ്സീർ’ വിധിച്ചത്. അപ്പീൽ കോടതിയും പരമോന്നത നീതിന്യായ അതോറിറ്റിയും അത് ശരിവെച്ചു. മൂന്ന് വർഷവും മൂന്ന് മാസവും നീണ്ട ജയിൽവാസത്തിനും നിയമനടപടികൾക്കും ഒടുവിൽ ഹിജ്റ 1448 ജമാദുൽ അവ്വൽ 3ന് ആ ശിക്ഷ നടപ്പിലായി.

മൃതദേഹം പെട്ടിയിൽ നിന്ന് പുറത്തെടുത്ത് വെള്ളക്കഫൻ പുടവ മാറ്റി മകന്റെ ശാന്തമായ മുഖം കാണിച്ചപ്പോൾ ബാപ്പ അബ്ദുൽ ബസീറിന്റെ കണ്ഠമിടറി. ചുറ്റും നിന്നവരോടായി വിറയ്ക്കുന്ന ശബ്ദത്തിൽ അയാൾ പറഞ്ഞു:
“ആരും വെറുതെ ഓരോന്ന് പറഞ്ഞുപരത്തരുത്… അവൻ തെറ്റ് ചെയ്തിട്ടുണ്ട്, റബ്ബിന്റെ ഭവനത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തിയ കടുത്ത പാപം. നിയമവും ശരീഅത്തും അവന്റെ കാര്യത്തിൽ തെറ്റിന് തക്കതായ ശിക്ഷ തന്നെയാണ് നടപ്പാക്കിയത്…”

തെറ്റ് ചെയ്തവർക്ക് ഇഹലോകത്തിൽ വെച്ച് തന്നെ ശരീഅത്ത് അതിന്റെ കഠിനമായ ശിക്ഷ നൽകി കഴിഞ്ഞിരിക്കുന്നു. എന്നാൽ, ആ തെറ്റിന്റെ തീവ്രത എത്രയുണ്ടെങ്കിലും, പെറ്റ വയറിന്റെ നോവിനെ അത് ഇല്ലാതാക്കില്ല. ഒരു പ്രവാസി ചെറുപ്പക്കാരന്റെ വഴുതിപ്പോയ ജീവിതവും, മകന്റെ മരണവാർത്ത കേട്ട് നെഞ്ചുപൊട്ടി മരിച്ച മൂത്തമ്മയുടെ വേർപാടും ആ കുടുംബത്തിന് നൽകിയത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ്.
പള്ളിപ്പറമ്പിലെ നനഞ്ഞ മണ്ണിലേക്ക് നസ്രുലിന്റെ മയ്യത്ത് ഇറക്കിവെക്കുമ്പോൾ ഉച്ചഭാഷിണിയിലൂടെ അവസാനത്തെ തക്ബീർ ധ്വനികൾ ഉയർന്നു. അവൻ ചെയ്ത പാപത്തിന്റെ ഭാരവും, ലോകം ചമച്ച നുണക്കഥകളും, ഇഹലോകത്ത് അവൻ അനുഭവിച്ചുതീർത്ത ശിക്ഷയും ആ ആറടി മണ്ണിലേക്ക് ഒന്നിച്ചു മറഞ്ഞു.

മകന്റെ ഖബറിലേക്ക് അവസാനത്തെ പിടി മണ്ണുവാരിയിടുമ്പോൾ ആ വൃദ്ധൻ ആകാശത്തേക്ക് കൈകളുയർത്തി പ്രാർത്ഥിച്ചു….
“റബ്ബേ… ഇഹലോകത്തിലെ ശിക്ഷ കൊണ്ട് അവന്റെ പാപങ്ങൾ കഴുകി കളയണേ….. പരലോകത്തെങ്കിലും ഈ അവനോട് കരുണ കാണിക്കണേ…”
-ശുഭം-

By ivayana

Leave a Reply

Your email address will not be published. Required fields are marked *