ചുറ്റുപാടും ആകെ മാറിയിരിക്കുന്നു
എങ്ങും മടുപ്പിക്കുന്ന ഒരു മൂളൽ,
പൊടിപടലം, പുക, കരി
മരങ്ങളും ചെടികളും വാടിക്കരിഞ്ഞ്
മലകൾ അപ്രത്യക്ഷമായിരിക്കുന്നു
ആകെ ചുവന്നുകരിഞ്ഞലോകം
മൈലുകൾക്കപ്പുറത്ത്
കറുത്തൊരു മേഘക്കൂട്ടംപോലൊന്ന്
തീക്കാറ്റു വീശി
ആകാശത്തേക്കുയർന്നു നിൽപ്പുണ്ട്
രണ്ടു ദിവസത്തെ വീട്ടിലിരിപ്പ്
മടുപ്പായി മാറിയിരിക്കുന്നു
യാഥാർഥ്യവും സ്വപ്നവും തമ്മിലുള്ള
അതിർവരമ്പുകൾ വളരെ നേർത്തതാണ്
മാർക്കറ്റിലേക്കിറങ്ങി
പൊടിനിറഞ്ഞ വഴി
എങ്ങും പഴകിത്തകർന്ന ഇന്നലെകൾ
തെരുവുകൾ കൂടിച്ചേരുന്നതിനപ്പുറത്ത്
നിൻ്റെ വീട്ടിലേക്ക് തിരിയുന്ന
പഴയ വായനശാലയുടെ അടുത്ത്
ചുവന്ന പാതികത്തിയ ഒരു ബസ്
നിറയെ നീലപൂക്കളുമായി
ബസിനെമൂടി പടർന്ന ശംഖുപുഷ്പം
അതിനുള്ളിൽ നീയും ഞാനും
വളവുതിരിഞ്ഞ് ഒരിരമ്പൽ
ഉരുക്ക് ഭൂമിഞെരിക്കുന്ന ശബ്ദം
അകമ്പടിയായി ബൂട്ടുകൾ
നൂറു ശംഖുപുഷ്പങ്ങൾ
നമ്മുടെ മേലേക്ക് തീമഴയായിപെയ്യുന്നു,
ഞാൻ നിന്നെ ചുംബിക്കട്ടെ!

കല ആർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *