രചന : എസ്.എൻ.പുരം സുനിൽ ✍️
ഇണയൊന്നു മാറി രമിപ്പാൻ കൊതിപ്പവൾ
തണലൊന്നു തേടുന്നുവെന്ന ഭാഷ്യം
പ്രണയായനങ്ങളിൽ പുതുവസന്തങ്ങളെ
കണിവെച്ചുണർത്തും കപടകാലം
കനവുരുക്കങ്ങളിൽ പിടയും നെടുവീർപ്പിൻ
കരളകമേറിക്കിതച്ചു നില്ക്കും
ഭാവമതെത്രമേലസ്വസ്ഥമാകിലും
ഭാസുരാംഗിക്കതൊരന്യ ചിത്രം.
ചേലൊന്നു മാറും രുചിഭേദമങ്ങനെ
ആലയം വിട്ടൊഴിഞ്ഞാസ്വദിക്കാൻ
ചാലുകൾ തീർപ്പവരൊക്കെയും പാടിടും
” ചേലറ്റൊരാൺകിളി എന്തിനായി ..?!
ചൂടറിഞ്ഞാർത്തു പെരുമ്പറ കൊട്ടുവാൻ
താളമില്ലാത്തവൻ സ്നേഹശൂന്യൻ ,
ചൂടിനായി ചുറ്റും പരമോഹപുഷ്പങ്ങൾ
തേടിനടപ്പവൻ കാമഭ്രാന്തൻ
വീടിനായി തേടലിൽ വിഴ്ചയിൽ നില്പവൻ
വീടറിയാത്തവൻ പൂജ്യമായോൻ .
നേടിത്തരില്ലൊരു ജീവിതമാകയാൽ
തേടണം പുത്തൻ തണൽവഴികൾ…”
ഭാഷ്യങ്ങളിവ്വിധം ഭേഷാക്കി മാറ്റിടും
പോഷണഭാഷണ വീഥിയിങ്കൽ
ആടിനെ പട്ടിയായി മാറ്റും കുതന്ത്രത
ആടിത്തിമിർത്തു മെനഞ്ഞുലയും
ആണത്ത വ്യക്തിത്വ ശോഷണ ഹത്യകൾ
ആകെ മുഖരിതമായിടുമ്പോൾ
ആലംബഹീനനായി നെഞ്ചകം പൊട്ടുവോൻ
ആകെ തപിച്ചു ഭ്രമിച്ചു നില്ക്കേ ,
കനവറ്റു നിനവറ്റ കനലാഴപ്പൊയ്കയെ
പനിമതിയെത്ര മേൽ തഴുകിയാലും
കരളിന്റെ പൊള്ളലിൽ വറ്റുന്ന ചോരയിൽ
നനുനനുപ്പാകുമോ ഇന്ദുലാസ്യം….?!
