ചാരുതയേറിയതെങ്കിലും
ചുറ്റിയ പുടവയെ
മോഹിച്ചതല്ല ഞാൻ
ആശിച്ച വേഷത്തിൽ
ആടിത്തിമിർക്കാനുമായില്ല
അരങ്ങിലെത്തിയവൾ
കാലിൽ ചിലങ്കയോ
സർപ്പച്ചുറ്റൊ
എന്നോർത്ത്
പകച്ചുപോയി
സ്വയം മറന്നാടാൻ
വിധി കനിഞ്ഞില്ല
നിനവിലെ കിനാവുകൾ
തരിപോലും
അരികിലണഞ്ഞില്ല
കൈവന്ന സൗരഭ്യം
ഹൃദയത്തിൽ
നുകരുവാനായില്ല
മനസ്സൊരു പ്രതിഭാസം
തിരശ്ശീല നീക്കിയാൽ
തെളിയുന്നതോ
വിവിധ വിസ്മയ
ഛായകൾ
പ്രാണനൊരു പ്രഹേളിക
അഴിയുന്തോറും
പുതിയ പൊരുൾ
തേടുന്ന നിഗൂഢത
ഇഷ്ടമേ,
നീ കൂടെയുണ്ടെങ്കിൽ
അനുരാഗപ്പരാഗമായി
സ്നേഹമാരിയൊരായിരം
ചൊരിയാം സൂനമേ
എൻ ഹൃദയത്തിൻ
വസന്ത വനവീഥികളിൽ
നിനക്കായ് പൂക്കൾ വിരിയിക്കാം
നിശ്ശബ്ദ നിമിഷങ്ങളിൽ
പ്രണയത്തിൻ സംഗീതമായി
നിന്നിലേക്കൊഴുകാം
ശില്പീ
നിൻ ഹസ്തകൗശലമില്ലാതെ
ശിലയിൽ ശില്പം ജനിക്കില്ല
ഉളിയുടെ മുറിവേറ്റാൽ
ശിലയ്ക്കും
ശാലീന സൗന്ദര്യമുണ്ടാകും
വരിക നീയെൻ ചാരത്ത്,
വദനത്തിൽ വിടരട്ടെ
പുഞ്ചിരിമൊട്ടുകൾ
മനസ്സിലെ കാർമുകിൽമാലകൾ
മഴയായ് പെയ്തൊഴിയട്ടെ
അല്ലലിൻ മുൾവഴികളിൽ
ആശ്വാസപ്പൂക്കൾ വിരിയട്ടെ
പ്രിയമോടെ അരുളുക
മധുരമാം വാക്കുകൾ,
മറച്ചുവയ്ക്കരുതിനി
മനസ്സിലെ മന്ത്രങ്ങൾ
മൗനത്തിൻ മതിലുകൾക്കപ്പുറം
മൊഴിയാതെ കഴിയുന്ന
മോഹങ്ങൾ
ചിറകു വിരിച്ചു പറക്കട്ടെ
തമ്മിലടുത്ത
ഇരു ഹൃദയങ്ങൾക്കിടയിൽ
പ്രതീക്ഷതൻ
മൺചിരാത്
ദീപ്തി ചൊരിയട്ടെ
സംഘർഷമില്ലാതെ
ജീവിതമില്ല
മുറിവുകളില്ലാതെ
മനസ്സുകളില്ല
തകർന്ന
സ്വപ്നമുറിവുകൾ
തുന്നിയെടുക്കണം
രണ്ടുണ്ട് ജീവിതം
ഒന്ന്
അനുരാഗപരാഗമായി വന്നു
ഹൃദയം കവർന്ന്
മാർവിടം പുണരുന്നു
പുതിയ വസന്തം വിടരുകയായ്
മറ്റൊന്ന് വന്നുചേരുന്നു
വന്നതിനെ
നെഞ്ചോട് ചേർക്കണം

By ivayana

Leave a Reply

Your email address will not be published. Required fields are marked *