രചന : റുക്സാന ഷമീർ ✍
ഒരിക്കൽ
സ്‌നേഹച്ചങ്ങല കൊണ്ട് ബന്ധിച്ചവർ……
കാലം തെറ്റി എന്നിലേക്കു പെയ്തിറങ്ങിയ
ഒരുതുണ്ടു വിജയത്തിൻ്റെ വേനൽച്ചൂടേറ്റ്
സഹനം നശിച്ച് അഹങ്കാരിയായിപ്പോയി….
യെന്ന ഒറ്റവാക്കിൻ്റെ വാൾമുനയിൽ
ചങ്കുകീറി ഉപേക്ഷിച്ചു പോയവരോടാണ്….!!
നിങ്ങൾ വലിച്ചെറിഞ്ഞു പോയിടത്തു തന്നെ
വീണ് വെന്തു വെണ്ണീറായതാണ്….!!
ആ മൺകൂനയിൽ ഇനിയെന്നെ തിരയരുത്…!!
നിങ്ങളുടെ ചിന്തകളിൽ ……
എന്നെ കണ്ണി ചേർക്കരുത്….!!
ഇനിയുമെന്നെ പിന്തുടരരുത് …..!!
പറഞ്ഞു പതം വരുത്തിയ
ആ പഴയ അഹങ്കാരി തന്നെയാണ് ഞാനിന്നും …!
സ്വന്തം മനസാക്ഷി ശരിയെന്നു പറയുന്നത്
അനുസരിക്കുന്ന തോന്ന്യാസിയായ
ആ പഴയ ഭ്രാന്തി തന്നെയാണ് ഞാനിന്നും…..!
എത്രയൊക്കെ നട്ടുനനച്ചാലും….
അപ്രിയമാകുന്നത് നിങ്ങൾക്ക്
എന്നെയായിരുന്നു …..!
എനിക്ക് നിങ്ങളെയായിരുന്നില്ല…!!
നിങ്ങളുടെ അനിഷ്‌ടമോ
അവഗണനയോ എന്നെ
തൊടുക പോലുമില്ലായിരുന്നു….!!
എനിക്ക് നിങ്ങളെന്നാൽ
എന്താണെന്ന് ഹൃദയത്തിനേ
നിശ്ചയമുണ്ടായിരുന്നുള്ളൂ…..
എന്നിലെ സ്‌നേഹമെന്നത്
ഉപാധികൾക്കതീതമാണ് …..!!
നിങ്ങളുടെ ചിന്താശകലങ്ങളുടെ
വൈകല്യങ്ങളെ എന്നിലേക്ക്
പകർത്താൻ ഞാനിഷ്ടപ്പെടുന്നില്ല…!!
പകരത്തിനു പകരമെന്നത് ഞാൻ അനുകരിക്കാത്ത കലയാണ്…..!!
ചുറ്റുമുള്ളവരുടെ ചിന്തകൾക്കനുസരിച്ച്
ഇനിയും മാറുവാൻ എനിക്ക് മനസില്ലാതായിരിക്കുന്നു . . . !!
നിങ്ങളുടെ മുറിവുകളെ തുന്നിക്കെട്ടി
നിങ്ങളുടെ കുറവുകളോടെ
ഞാനെപ്പോഴും
സ്വീകരിക്കുമായിരുന്നു…!
നിങ്ങളുടെ മനസിൽ ഞാനില്ലാതാവുമ്പോഴൊക്കെ …..
എൻ്റെ മനസിൽ നിങ്ങളും ഇല്ലാതാവുമെന്നാണോ….?
നിങ്ങൾക്ക് ശത്രുത തോന്നുമ്പോഴൊക്കെ
എനിക്കും ശത്രുത തോന്നുമെന്നാണോ…?
അങ്ങനെയൊന്നുമില്ലെടോ…..
അങ്ങനെയെങ്കിൽ …..
അത് അനുകരണമല്ലേ ….?
മനുഷ്യത്വത്തിനും മാനുഷിക പരിഗണനക്കും
അങ്ങനെ മത്സര ബുദ്ധിയുണ്ടോ…..?
ഇനിയുമെനിക്ക് എൻ്റെ മനസിനെ
കേൾക്കണം , കാതോർക്കണം
എനിക്കു നീയാവാൻ കഴിയില്ല …..!!
നിനക്ക് ഞാനാവാനും ……
ചായങ്ങളും ചമയങ്ങളും …..
മുഖപടവുമില്ലാതെ . . . . .
എനിക്ക് ഞാൻ തന്നെയായിരിക്കണം….!!
