രചന : ബി_സുരേഷ്കുറിച്ചിമുട്ടം.✍
ഉണങ്ങാത്ത കണ്ണീരിൻ ഉപ്പുവെള്ളത്തിൽ
കുതിർന്നൊരീപെൺജന്മം പേറുന്ന നോവുകൾ;
മണൽക്കാറ്റിലുലയുന്ന മൺചിരാതുപോലെ
കണ്ണീർ വിൽക്കുന്നൊരാ പാഴ്ജന്മതീരങ്ങൾ!
വിധി തന്ന ശീലത്തിൻ ചങ്ങലക്കെട്ടിൽ
വിധവതൻ കോലങ്ങൾ കെട്ടിയാടുമ്പോൾ,
വാക്കില്ലാനോവിൻ്റെ പച്ചയാം സത്യങ്ങൾ
കരയാൻ മറന്നൊരുസമൂഹം പകർന്നുതന്നു!
സ്വന്തം വിലാപങ്ങൾ മാറ്റിവെച്ചാരുടേതോ
മരണങ്ങൾക്കായ് തേങ്ങിക്കരഞ്ഞുതീർപ്പവർ;
ദുഃഖത്തിൻ കച്ചവടച്ചന്തയിൽ അന്നത്തിൻ
ഒരിറ്റുതുണ്ടുതേടുന്ന ഗതികെട്ടപെൺജന്മങ്ങൾ!
കണ്ണീരിൽ ചാലിച്ചന്നമുണ്ടുകേഴുന്നു
കദനത്തിലാഴ്ന്നതൻ ജീവിതാധി;
തീയുറയുന്നൊരാമാറോടുചേർത്തു
തേങ്ങുന്നു, മൂകമാം സന്ധ്യാവഹാനങ്ങൾ!
കാത്തിരിപ്പിൻ ചാവുകടൽ തീർക്കുവാൻ,
ദിനനിമിഷങ്ങൾ മടിച്ചുനിൽക്കും വേളയിൽ;
ദേഹഗന്ധം രുചിക്കുവാനരയഴിക്കുന്നുലോകം!
പിന്നെയും കാത്തിരിക്കുന്നു മൃതിതൻ കണ്ണീരിനായ്!
കണ്ണീർക്കയങ്ങളിൽ മുങ്ങിത്താഴുമ്പോഴും
കനവുകൾ മായാത്ത ജീവന്റെതുടിപ്പുകളായ്;
നിരാശതൻ കരിങ്കാടുകൾ താണ്ടിയുയരുമീ
പ്രതീക്ഷതൻ മൺവിളക്കുകൾ എന്നുമേ!
എങ്കിലുമാരും കാണാതെയാനെഞ്ചകം,
ആളുന്നു ചില മോഹക്കനലുകൾ.
ഒരുനാൾ തോർന്നുപോകുമീ കണ്ണീർപ്പുഴകളും,
വിരിയുമീ ചുണ്ടിലും പൊൻ പുഞ്ചിരികൾ!

