രചന : മേരി കുഞ്ഞു ✍️
പട്ടു കുട
ഉണ്ടായിരുന്നു
ഉണ്ണീ
പണ്ട് ,
നമുക്കു രണ്ടു പേർക്കും
ഒരുമിച്ചു ചൂടുവാനൊരു
പൂമ്പട്ടു വർണ്ണക്കുട .
കാലം
അതിന്റെ വില്ലൊടിച്ചു
വലിച്ചെറിഞ്ഞു ,
നാം രണ്ടു പേരും
നോക്കി നോക്കി നിൽക്കേ
വന്നില്ല
തിരിച്ചൊരിക്കലും
കാലം
ഒടിഞ്ഞ വില്ലു
കൂട്ടിച്ചേർക്കുവാൻ ,
വെയിലത്തും
തണലൊരുക്കി
തണു പകരുവാൻ .
അവഗണിക്കപ്പെട്ടേറെ നാൾ
ഒരിരുൾ മൂലയിൽ
അത് കിടന്നു….
പിന്നെ
മറവി വന്നതിനെയെടുത്തു
മറവു ചെയ്തു
കൈകൾ വീശി
മറഞ്ഞുപോയി.
ഇന്ന്
ഓർക്കാപ്പുറത്തപ്പൂപ്പൻ
താടി പോലത്
മറവിയിൽ നിന്നും
പൊട്ടിയടർന്നിതാ
പാറിയെത്തുന്നു
ഓർമ്മയിൽ.
മുന്നോട്ടേക്ക്
നീ… ആയുന്നു,
പിന്നോട്ടേയ്ക്കമ്മൂമയും
നാമിരുവരും
വിപരീത സമാന്തരത്തിൽ
തുടരുന്നു യാത്ര.
