ആരുടെ അസ്ഥിമേലാണ്
നമ്മുടെ സിംഹാസനങ്ങൾ ഉറപ്പിച്ചത്?
ആരുടെ വിശപ്പു വിറ്റാണ്
നമ്മുടെ ധാന്യപ്പുരകൾ നിറച്ചത്?
ആരുടെ മാനത്തിന് വിലയിട്ടാണ്
നമ്മുടെ രാവുകൾക്ക് മദിര വാങ്ങിയത്?
ആരുടെ നാവറുത്ത നിശ്ശബ്ദതയിലാണ്
നമ്മുടെ പ്രസംഗങ്ങൾ വളർന്നത്?
പറയൂ—
നമ്മുടെ വെളുത്ത വസ്ത്രത്തിലെ
ഈ ചോരപ്പാടുകൾ ആരുടേതാണ്?
ഇന്നലെ നഗരവീഥിയിൽ
ഒരു മനുഷ്യൻ വീണുകിടന്നു;
അവന്റെ നെഞ്ചിലുണ്ടായിരുന്നത് മുറിവുകളല്ല—
അധികാരത്തിന്റെ ഒപ്പുകളായിരുന്നു!
അവന്റെ കണ്ണുകളിൽ
മരിക്കാൻ വിസമ്മതിച്ചൊരു ചോദ്യം;
അവന്റെ ചുണ്ടുകളിൽ
ഉച്ചരിക്കപ്പെടാതെ കട്ടപിടിച്ചൊരു കലാപം!
നമ്മൾ അവനെ തൊട്ടപ്പോൾ
വിരലുകളിലേക്കു പടർന്നത്
ചോരയുടെ ചൂടായിരുന്നില്ല—
ചവിട്ടപ്പെട്ടൊരു ജനതയുടെ ക്രോധമായിരുന്നു!
ജാതി മരിച്ചെന്ന് നമ്മൾ പറഞ്ഞു;
എന്നിട്ടതിന്റെ അസ്ഥികൂടത്തിന്
പണത്തിന്റെ മാംസം വെച്ചുപിടിപ്പിച്ച്,
സ്വാധീനത്തിന്റെ പൂണൂലണിയിച്ച്,
നിയമത്തിന്റെ ചെങ്കോൽ കൈയിൽ കൊടുത്ത്
വീണ്ടും തെരുവിലിറക്കിയതാരാണ്?
ഹേ, ജീർണസമ്പത്തിന്റെ ശവഭോജികളേ—
പട്ടിണിയുടെ നിലവിളി പുളിപ്പിച്ചാണോ
നിങ്ങളുടെ മദിരയുണ്ടാക്കുന്നത്?
പെൺമാനത്തിന്റെ ചാരമാണോ
നിങ്ങളുടെ സുഗന്ധദ്രവ്യം?
അശരണന്റെ കണ്ണുനീരാണോ
നിങ്ങളുടെ കുളിമുറിയിലെ ജലം?
നിങ്ങളുടെ വിരുന്നുമേശയ്ക്കടിയിൽ
എത്ര കുഞ്ഞുങ്ങൾ വിശന്നുറങ്ങുന്നു!
നിങ്ങളുടെ കിടപ്പറവാതിലുകളിൽ
എത്ര നിലവിളികൾ നഖമൊടിക്കുന്നു!
നിങ്ങളുടെ വിജയഘോഷത്തിനുള്ളിൽ
എത്ര നട്ടെല്ലുകളുടെ ഞരക്കം!
നമ്മൾ മിണ്ടാതിരിക്കണമെന്നോ?
ഓരോ മൗനവും
നമ്മുടെ വായിൽ അഴുകുന്നൊരു മൃതദേഹമാണ്;
ഓരോ സഹനവും
നമ്മുടെ നെഞ്ചിൽ വളരുന്നൊരു കഴുമരം!
അതുകൊണ്ട് നമ്മൾ ചോദിക്കുന്നു—
നമ്മളോടുതന്നെ ചോദിക്കുന്നു:
നീതിയുടെ കണ്ണുകെട്ടിയ തുണിയിൽ
ചോര തുടച്ചത് ആരാണ്?
നിയമത്തിന്റെ എഴുത്താണികൊണ്ട്
ദരിദ്രന്റെ കഴുത്തളന്നത് ആരാണ്?
ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ
പണത്തെ പ്രതിഷ്ഠിച്ചതാരാണ്?
മനുഷ്യനെ ചവിട്ടിയുയർന്നവനേ,
നിനക്കു ശരിക്കും ഉയരമുണ്ടോ?
അതോ, ചവിട്ടപ്പെട്ടവന്റെ ആഴമാണോ
നിന്റെ ഉയരമായി തോന്നുന്നത്?
പറയൂ—
കൊട്ടാരങ്ങൾ തകർന്നുവീണാൽ,
പദവിയും പണവും നമ്മെ ഉപേക്ഷിച്ചാൽ,
മനുഷ്യരുടെ മുന്നിൽ നഗ്നരായി നിൽക്കുമ്പോൾ—
“ഞാനും മനുഷ്യനാണ്” എന്നു പറയാൻ
നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ
ഒരു മനുഷ്യനെങ്കിലും ശേഷിച്ചിട്ടുണ്ടാകുമോ?
കാലം വസ്ത്രം മാറി,
അധികാരം മുഖം മാറി,
ജാതി പേരുമാറി പണമായി—
ചൂഷണത്തിന്റെ കൈകൾ മാത്രം മാറിയില്ല!
അപ്പോൾ വീണ്ടും ചോദിക്കട്ടെ—
നമ്മൾ വളർന്നുവോ?
നമ്മൾ ജയിച്ചുവോ?
അതോ, മനുഷ്യനെ മറന്നുകൊണ്ട്
വെറും കാലം മാത്രമാണോ മാറിയത്?
നമ്മൾ മാറിയോ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *