രചന : ലാൽ രഞ്ചൻ ✍️
കാലിൽ തടഞ്ഞത്
കാലം കൈവിട്ട
ഒരു ശംഖ് .
ഭ്രൂണാകൃതി
രക്തച്ഛവി
ജൈവം .
ഹൃദയമോ ?
ആദിരൂപമോ ?
വിരലോടിക്കെ
അനാഥത്വച്ചെതുമ്പലിൽ തട്ടി
രക്തം സ്രവിച്ചു .
കാതോർക്കെ
അക്ഷരസമുദ്രത്തിലെ
സങ്കടജലാരവം .
കണ്ണുറപ്പിക്കെ
അനുഭവക്കെടുതിവീണ
പിരിസ്ഥലങ്ങൾ .
വലമ്പിരിയിൽ –
ബലിക്കോഴികളുടെ
ആത്മപരിപീഡനങ്ങൾ.
വർത്തമാന കാലുഷ്യത്തിന്റെ
അന്തഃക്ഷോഭങ്ങൾ .
കാനൽജലം തേടി
മോഹഭംഗംവരിച്ചോന്റെ
ശിഥിലജ്യാമിതികൾ .
പ്രൊമേത്യൂസിന്റെ
കരൾക്കടച്ചിൽ പിടഞ്ഞ
പർവ്വതമടക്കുകൾ .
ആഭിചാരവും ശാപവും കലർന്ന
സ്നേഹമൊഴികൾ .
വെറുപ്പും വിദ്വേഷവും നിറഞ്ഞ
സൗഹൃദചുംബനങ്ങൾ .
ഇടമ്പിരിയിൽ –
പ്രകാശം പരത്തുന്ന പെൺകുട്ടിയുടെ
സന്ധ്യയും വസന്തവും .
സൂര്യരഥത്തിലെ യാത്രക്കാരുടെ
ആശയും ആകാശവും .
സ്നേഹിച്ചു കൊതിയാറാത്തോന്റെ
പ്രഫുല്ല സ്വപ്നദർശനം .
വിദ്യയുടെ അകംപൊരുളറിയുന്ന
നിസ്തന്ദ്രസർഗ്ഗവൈഭവം .
ശംഖിനെന്റെ
അമ്മയുടെ ഗർഭപാത്രത്തിന്റെ ചൂട്
പ്രഥമരേതസ്സിന്റെ വാസന
തലയോട്ടിയുടെ ഉറപ്പ്
സ്വപ്നത്തിന്റെ സാന്ദ്രത
ആത്മാവിന്റെ സംഗീതം .
ശംഖിനെന്റെ പ്രതിച്ഛായയെന്നോ?
ആ ശംഖ് ഞാൻ തന്നെയെന്നോ ?
വലിച്ചെറിയാനാവാത്ത ബന്ധസമന്വയം.

