രചന : എം പി ശ്രീകുമാർ ✍
.ഇന്നു വിരിയുന്ന പൂവുകളിൽ
പുഞ്ചിരിയായി തെളിഞ്ഞുവോണം
ഇന്നു പുലരിയിൽ പൂർവവിണ്ണിൽ
പൂക്കളമായി നിറഞ്ഞുവോണം
ആകാശനീലിമ തന്നിലൂടെ
നീങ്ങും മുകിൽവർണ്ണമൊക്കെയോണം
വിണ്ണിൽ തിളങ്ങുന്ന താരകൾ തൻ
കണ്ണിലെ മിന്നിത്തിളക്കമോണം
ആയത്തിലാടുന്നയൂഞ്ഞാലോണം
ആരും കൊതിക്കുന്ന സദ്യയോണം
തുമ്പപ്പൂഞ്ചുണ്ടിൽ വിരിഞ്ഞതോണം
അമ്മ തരുന്നയാ ചോറുരുള
മെല്ലെ രുചിച്ചു കഴിക്കെയോണം
അച്ഛൻ തണലായ് നിന്നിടുമ്പോൾ
കുട്ടിത്തം കാട്ടിയിരിയ്ക്കുമോണം.
മണ്ണിൽ വിളയുന്ന നൻമയോണം
ഉളളിൽ തെളിയുന്ന വെട്ട മോണം
ചന്ദനപ്പൊയ്കയിൽ നീന്തിനീന്തി
ചന്തത്തിലോരോ ചുവടു വച്ച്
ചമ്പകപ്പൂമഴയെന്നപോലെ
ചാരുകിനാക്കളായ് വന്നതോണം
:എല്ലാവരുമെന്നുമൊന്നു പോലെ
നല്ലതിൽ മാത്രം രമിച്ചുകൊണ്ട്
അല്ലലു തെല്ലുമറിഞ്ഞിടാതെ
ഉല്ലാസമോടെ കഴിയുമോണം
മഞ്ജുമലയാളം പൂത്തുലഞ്ഞു
അഞ്ജിതശോഭ ചൊരിഞ്ഞു കൊണ്ട്
പീലി വിടർത്തി ചുവടുവച്ചു
തിരനോട്ടമാടും തിരുവോണം.
